ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ വിട്ട് ബി.ജെ.പിയിലേക്ക് മടങ്ങുന്നു എന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ തന്ത്രപരമായ മൗനമാണ്. കഴിഞ്ഞ ഒരാഴ്ചയായി മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹം ഇന്ത്യാ സഖ്യത്തില്‍നിന്ന് പുറത്തുകടക്കാനുള്ള സാധ്യതയെക്കുറിച്ചും സ്വന്തം സംസ്ഥാന സര്‍ക്കാരിനെ പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള ശ്രമത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഈ വിഷയത്തില്‍ ഇടപെടാനും വ്യക്തത നല്‍കാനും അദ്ദേഹം തയാറായില്ല. തീയില്ലാതെ ഇത്രയധികം പുക ഉണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്.
ഞെട്ടിക്കുന്ന നിതീഷ്
സഖ്യകക്ഷികളോട് ബഹുമാനം കാണിക്കുന്ന സ്വഭാവമല്ല നിതീഷിനുള്ളത്. 2017ല്‍ മഹാഗട്ബന്ധന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം നിതീഷ് പൊടുന്നനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍.ജെ.ഡി ഇരുട്ടില്‍ തപ്പുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം ബി.ജെ.പി വിട്ടപ്പോള്‍, തീരുമാനം പ്രഖ്യാപിക്കുന്നത് വരെ ബി.ജെപി നേതാക്കള്‍ക്കു ഒരു സൂചനയും ഉണ്ടായിരുന്നില്ല. നിതീഷ് ഇടക്കിടെ സുഹൃത്തും ഇടക്കിടെ ശത്രുവുമായി മുന്നോട്ട് പോകുന്ന ലാലു പ്രസാദ് യാദവിന് പോലും നിതീഷിന്റെ പുതിയ നീക്കത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തന്റെ പ്രത്യയശാസ്ത്ര ചായ്‌വുകളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത നിതീഷിന്റെ പുതിയ നീക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആയാറാം ഗയാറാം കഥകളില്‍ ഏറ്റവും പുതിയതാണ്.
എന്നിട്ടും, പട്‌നയിലെ അധികാരക്കസേരയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘമായ ഇരുത്തം ബീഹാറിന്റെ സങ്കീര്‍ണ രാഷ്ട്രീയത്തിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രീയ വ്യക്തിയായി അദ്ദേഹം തുടരുന്നുവെന്നതിന്റെ നിദര്‍ശനമാണ്. അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പിന്നോക്ക സമുദായങ്ങളിലെ ഒരു പ്രധാന വിഭാഗത്തിന്റെ മേലുള്ള നിര്‍ണായകമായ സ്വാധീനം, തന്റെ സഖ്യകക്ഷികളെ അമ്പരപ്പിക്കാനും എതിരാളികള്‍ക്ക് പ്രിയങ്കരനാകാനും സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിതി നിയന്ത്രിക്കാനുള്ള ഉപകരണമായി അദ്ദേഹം ഉപയോഗിച്ചു.
ഇന്നത്തെ മത്സരാധിഷ്ഠിത രാഷ്ട്രീയത്തില്‍, ഏതൊരു സഖ്യ പങ്കാളിക്കും നിതീഷ് ഒരു ആസ്തിയും ബാധ്യതയുമാണ്.
ഒരു സഖ്യകക്ഷിയും ഇല്ലെങ്കില്‍, തന്റെ സ്വതന്ത്ര രാഷ്ട്രീയ മൂല്യം പരിമിതമാണെന്ന് അദ്ദേഹത്തിനറിയാം. എന്നാല്‍ പിന്തുണ നല്‍കിയാല്‍ സഖ്യകക്ഷിക്കാണ് കൂടുതല്‍ നേട്ടമുണ്ടാകുകയെന്നും അദ്ദേഹം മനസ്സിലാക്കുന്നു. അത് അദ്ദേഹത്തെ ഏറ്റവും മികച്ച വിലപേശലിന് പ്രേരിപ്പിക്കുന്നു. ഇത്തരം ഘടകങ്ങള്‍ കാരണം, രാഷ്ട്രീയ ജനതാദളും ഭാരതീയ ജനതാ പാര്‍ട്ടിയും, നിതീഷ് തങ്ങളുടെ പക്ഷത്തില്ലാത്തപ്പോള്‍ അങ്ങേയറ്റം ശത്രുതാപരമായ ബന്ധത്തിലാവും. അതേസമയം, അദ്ദേഹത്തെ തിരികെ കൊണ്ടുപോകാന്‍ അവര്‍ എപ്പോഴും തയാറുമാണ്.
ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളില്‍ ഒരാളാണ് നിതീഷ്. നിതീഷ് ബി.ജെ.പിയുമായുള്ള തന്റെ പങ്കാളിത്തം അവസാനിപ്പിച്ചതുമുതല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ ആക്രമിക്കാന്‍ കാവി പാര്‍ട്ടി ഒരു ദിവസംപോലും പാഴാക്കിയിട്ടില്ല. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങള്‍ നിരന്തരം ഉയര്‍ത്തി. നിതീഷിന്റെ ജനതാദളിനെ തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ബീഹാറില്‍ ജാതി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 43 സീറ്റ് മാത്രമേ ഉള്ളുവെങ്കിലും നിയമസഭയില്‍ 120 ലധികം നിയമസഭാംഗങ്ങളുമായി ആര്‍.ജെ.ഡിയും ഇടതുപക്ഷവും കോണ്‍ഗ്രസും അദ്ദേഹത്തെ നല്ല നിലയില്‍ നിലനിര്‍ത്തിയതിനാല്‍ അത്തരം ഭീഷണികളെല്ലാം പ്രതിരോധിക്കാന്‍ നിതീഷിന് കഴിഞ്ഞു.
ഭാവിയില്‍ നിതീഷുമായുള്ള സഖ്യം അസാധ്യമാണെന്ന് സംസ്ഥാന നേതാക്കള്‍ പ്രസ്താവനകള്‍ തുടരുമ്പോഴും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ വീണ്ടും കൂടെക്കൂട്ടാന്‍ ബി.ജെ.പി തയാറായിരുന്നു. നിതീഷിന്റെ പിന്തുണയില്ലാതെ സംസ്ഥാനത്ത് ഏറ്റവും മോശം പരാജയം മുന്‍കൂട്ടി കാണാന്‍ ബി.ജെ.പിക്ക് കഴിയും. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായിട്ടും ജനതാദളിനെ ചുരുട്ടിക്കെട്ടാന്‍ ബി.ജെ.പിയുടെ വലിയ ശ്രമം നടത്തിയിരുന്നു. പരമാവധി സീറ്റുകളുടെ എണ്ണം കുറച്ച് നിതീഷിന്റെ വിലപേശല്‍ ശക്തി കുറക്കുകയായിരുന്നു ഉദ്ദേശ്യം.
തീരാത്ത അവസരവാദം
അവസരവാദത്തിന്റെ സീസണ്‍ അവിടെ അവസാനിക്കുന്നില്ല. ഇന്ത്യ സഖ്യം രൂപീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് കൊണ്ടുവന്നത് നിതീഷാണ്. അരവിന്ദ് കെജ്‌രിവാള്‍, മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരെ അദ്ദേഹം കാണുകയും കോണ്‍ഗ്രസുമായി ദേശീയതലത്തിലുള്ള സഖ്യത്തിന് വിമുഖത കാണിച്ചിരുന്ന ഇവരെയെല്ലാം ഒരുമിപ്പിച്ച് തന്റെ പ്രാഥമിക ലക്ഷ്യം ബി.ജെ.പിയുടെ സ്വേഛാധിപത്യ ഭരണത്തെ പരാജയപ്പെടുത്തുകയാണെന്നും അതിനായി കൈകോര്‍ക്കണമെന്നും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബാനര്‍ജിയും കെജ്‌രിവാളും നിതീഷിന്റെ പേരല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചതെന്നത് അദ്ദേഹത്തെ ഞെട്ടിച്ചു. ഇതോടെ സ്വയം പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് പിന്നോട്ട് പോയി അദ്ദേഹം. എന്നാല്‍ നിതീഷിന്റെ അതൃപ്തി മനസ്സിലാക്കി ഈ നിര്‍ദ്ദേശം ഖാര്‍ഗെ നിരസിക്കുകയായിരുന്നു.
സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും തത്ത്വങ്ങളില്‍ കെട്ടിപ്പടുത്ത തന്റെ രാഷ്ട്രീയ പൈതൃകത്തെക്കുറിച്ച് മറന്നുപോയ നിതീഷ് ഒരിക്കല്‍കൂടി ഇന്ത്യന്‍ പാര്‍ട്ടികളുടെ വിശ്വാസം തകര്‍ക്കുകയും അതുവഴി താന്‍ ഒരു ബാധ്യതയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയുമാണ്. ആയാറാമുമാരും ഗയാറാമുമാരും ഏറ്റവും കൂടുതലുള്ള ഹരിയാനയുടെ പദവി ഇപ്പോള്‍ നിതീഷിലൂടെ ബീഹാറിന് ലഭിക്കുകയാണ്. സംസ്ഥാനത്തിന്റെ സമ്പന്നമായ രാഷ്ട്രീയപാരമ്പര്യത്തില്‍ കരിവീഴ്ത്തുന്നതാണിത്.
എന്നാല്‍ തത്വങ്ങള്‍ ലംഘിക്കുന്നത് നിതീഷിന് പുതിയ കാര്യമല്ല. തന്റെ രാഷ്ട്രീയ ജീവിതവും അധികാരവും നിലനിര്‍ത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി എക്കാലത്തും വിലപേശല്‍ രാഷ്ട്രീയത്തെ ആശ്രയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തന്റെ പാര്‍ട്ടി നേരിട്ട തുടര്‍ച്ചയായ പരാജയങ്ങളിലൂടെ മൂലയിലേക്ക് തള്ളപ്പെട്ട ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ്, തന്റെ പിതാവായ ലാലു പ്രസാദ് യാദവിന്റെ ശക്തമായ നിഴലില്‍ താരമൂല്യമുള്ള രാഷ്ട്രീയ നേതാവായി ഉയര്‍ന്നുവരുന്നതും നിതീഷിനെ അസ്വസ്ഥനാക്കിയിട്ടുണ്ടാകും. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും മുസ്‌ലിം-യാദവ കൂട്ടുകെട്ടിന് അപ്പുറം തന്റെ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുകയും ചെയ്യാന്‍ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തില്‍ തേജസ്വി സ്ഥിരമായി ശ്രമിച്ചു വരികയായിരുന്നു.
കണക്കുകളുടെ കഥ
ആര്‍.ജെ.ഡിയെ ഉപേക്ഷിച്ച്, ഇന്ത്യ സഖ്യം വിട്ട്, ബി.ജെ.പിയുടെ സുശീല്‍ മോഡി ഉപമുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം നിതീഷ് ഞായറാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നിതീഷിനെ ഞെട്ടിച്ചുകൊണ്ട്, തേജസ്വിയുടെ മുന്‍കൈയില്‍ മുഖ്യമന്ത്രിയുടെ മുഖ്യ എതിരാളിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും അതിന്റെ നാല് എം.എല്‍.എമാരും നിലവില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ ജിതന്‍ റാം മാഞ്ചിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പറയപ്പെടുന്നു. നിലവില്‍, 243 അംഗ ബീഹാര്‍ അസംബ്ലിയില്‍ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെ.ഡി.യു ഇല്ലാത്ത മഹാഗട്ബന്ധനില്‍ കേവലഭൂരിപക്ഷത്തിന് എട്ട് സീറ്റുകളുടെ കുറവേയുള്ളു. എല്ലാ പ്രതിബന്ധങ്ങളും മറികടന്ന്, തേജസ്വിക്ക് എച്ച്.എ.എം നിയമസഭാംഗങ്ങളെ കൂട്ടുപിടിക്കാന്‍ കഴിഞ്ഞാല്‍, കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടേയും സഹായത്തോടെ ഭൂരിപക്ഷ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ തേജസ്വിക്ക് കഴിയും.
40 ലോക്‌സഭാ സീറ്റുകളുള്ള ബീഹാറിലെ ബി.ജെ.പി വിരുദ്ധ സഖ്യത്തെ ഇത് ഗണ്യമായി ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍, നിതീഷിന്റെ വിട്ടുപോകല്‍ ഇന്ത്യ സഖ്യത്തിനുള്ള ആദ്യത്തെ യഥാര്‍ഥ പ്രഹരമായിരിക്കും. എന്നാല്‍ ബി.ജെ.പിക്കെതിരെ വ്യക്തതയോടെ തത്വാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കുന്ന മൂര്‍ത്തമായ പ്രത്യയശാസ്ത്ര ദിശയിലേക്ക് സഖ്യത്തെ നയിക്കാനുള്ള അവസരമായി ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ ഇതിനെ ഉപയോഗിച്ചേക്കാം. ബി.ജെ.പിക്കാകട്ടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാല്‍പത് സീറ്റുകളില്‍ കൂടുതലിലും മത്സരിക്കാന്‍ കഴിയുന്നത് ജനതാദള്‍ അപ്പുറത്ത് ഉള്ളപ്പോഴാണ്.
ഇന്ത്യന്‍ മതേതര കക്ഷികള്‍ക്ക് പ്രത്യയശാസ്ത്രപരമായി ഒത്തുചേരാന്‍ ധാരാളം പ്രതിബന്ധങ്ങളുണ്ട്. ഒരു പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാട് ഉണ്ടെങ്കില്‍മാത്രമേ, ബി.ജെ.പി വിരുദ്ധ ശക്തികളെ ഒരുമിപ്പിച്ച് വോട്ടര്‍മാരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സാധിക്കൂ. എങ്കിലും നിതീഷിന്റെ വീഴ്ചകള്‍ ക്ഷമിക്കാനും മറക്കാനും മതേതര സഖ്യത്തിന് ഒരിക്കലും കഴിയില്ല.