Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂയസ് കനാലിലൂടെയുള്ള വ്യാപാരം 42 ശതമാനം തോതില്‍ കുറഞ്ഞു

ജിദ്ദ - ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്നതിന്റെ ഫലമായി സൂയസ് കനാല്‍ വഴിയുള്ള വ്യാപാരം കഴിഞ്ഞ രണ്ടു മാസത്തിനിടെ 42 ശതമാനം തോതില്‍ കുറഞ്ഞതായി യു.എന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പറഞ്ഞു. ഹൂത്തികളുടെ ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തില്‍ മൊത്തത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് യു.എന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റില്‍ ട്രേഡ് ഫെസിലിറ്റേഷന്‍ മേധാവി ജാന്‍ ഹോഫ്മാന്‍ പറഞ്ഞു.
ഹൂത്തികളുടെ ആക്രമണങ്ങള്‍ ചെങ്കടലിലൂടെയുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കപ്പല്‍ ഉടമകളെ പ്രേരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ ഗാസയിലെ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായിലുമായി ബന്ധമുണ്ടെന്ന് കരുതുന്ന കപ്പലുകള്‍ ലക്ഷ്യമിട്ട് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തുന്നു. ആഗോള വ്യാപാരത്തിന്റെ 80 ശതമാനവും സമുദ്ര മാര്‍ഗമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ചെങ്കടല്‍ വഴിയുള്ള വ്യാപാരത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മറ്റു പ്രധാന സമുദ്ര പാതകളിലും സമ്മര്‍ദം നേരിടുന്നുണ്ട്. ഉക്രൈന്‍, റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കരിങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതവും വലിയ തോതില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഇത് ആഗോള തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ ഇടയാക്കി. വരള്‍ച്ച കാരണം പനാമ കനാലില്‍ ജലവിതാനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇത് പനാമ കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം കുറയാനും ഇടയാക്കി.
ലോകത്തെ പ്രധാന വ്യാപാര പാതകളില്‍ സംഘര്‍ഷം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നത് ആഗോള തലത്തില്‍ വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കും. ഇത് ചരക്ക് കൈമാറ്റത്തിന് കാലതാമസമുണ്ടാക്കുകയും ചെലവുകള്‍ വര്‍ധിപ്പിക്കുകയും പണപ്പെരുപ്പമുണ്ടാക്കുകയും ആഗോള തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ജാന്‍ ഹോഫ്മാന്‍ പറഞ്ഞു.

 

Latest News