ന്യൂദല്‍ഹി- ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറുകളിലേക്ക് തിരികെ പോകണമെന്ന് സാം പിത്രോഡ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്താനുള്ള ഏക മാര്‍ഗം പേപ്പര്‍ ബാലറ്റുകളാണെന്നും ജനവിശ്വാസമില്ലെങ്കില്‍ ഇവിഎമ്മുകള്‍ മാറ്റുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം ഉപയോഗിച്ചു തന്നെ വോട്ടിംഗ് നടത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സിറ്റിസണ്‍സ് കമ്മീഷന്‍ ഓണ്‍ ഇലക്ഷന്‍സ് ആന്റ് ടെക്നോക്രാറ്റ്‌സ് (സി സി ഇ) ഏഴംഗ സംഘത്തെ നിയോഗിക്കും. സംഘത്തില്‍ വിദേശത്ത് നിന്നുള്ള നാല് പേരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനത്തില്‍ പൗരന്മാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായും വോട്ടര്‍ പട്ടികയിലെ പിഴവുകളും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റവും ഉള്‍പ്പെടെ സംഘം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പാണ് ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. ഇവിഎമ്മിനേയും വിവിപാറ്റിനേയും കുറിച്ചുള്ള ജനങ്ങളുടെ ധാരണങ്ങള്‍ തിരുത്താന്‍ അവരെയാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയല്ലെന്നും അദ്ദേഹം പറഞ്ഞു.