ന്യൂദല്‍ഹി-എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് നടക്കും. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ളോകളും മാര്‍ച്ച് പാസ്റ്റും നടക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും.
രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി ചടങ്ങില്‍ എത്താനാണ് സാധ്യത. ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ എന്തെല്ലാം പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. ജില്ലകളില്‍ മന്ത്രിമാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. നിയമസഭയില്‍ രാവിലെ 9.30ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പതാക ഉയര്‍ത്തും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ വെട്ടിചുരുക്കിയതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അറ്റ് ഹോമിന് സര്‍ക്കാര്‍ 20 ലക്ഷം അനുവദിച്ചിരുന്നു.