കൊച്ചി- നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ നിന്ന് ചോർന്നതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ തുടർ നടപടിയില്ല. അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണം നടത്തിയ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് തുടർ നടപടികളൊന്നും വേണ്ടെന്ന നിലപാടിലാണ്. ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.
കോടതി കസ്റ്റഡിയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന നടിയെ ലൈംഗികമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി കഴിഞ്ഞ ഡിസംബർ ഏഴിന് അനുകൂല ഉത്തരവ് നൽകിയത്. ജനുവരി ഏഴിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് ഇതിൽ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റുഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെയും അന്വേഷണത്തിന്റെ തുടർ നടപടികളിലേക്ക് കടക്കാൻ വിചാരണ ജഡ്ജി തയ്യാറായിട്ടില്ല. തുടർ നടപടി ആവശ്യമില്ലെന്ന നിലപാടാണ് ജഡ്ജിക്കുള്ളതെന്നാണ് സൂചന. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതക്ക് നൽകാനും കോടതിതയ്യാറായിട്ടില്ല. പകർപ്പ് നൽകാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഈ സാഹചര്യത്തിൽ മേൽകോടതിയെ സമീപിച്ച് നീതി നേടിയെടുക്കാനുള്ള തീരുമാനത്തിലാണ് അതിജീവിത. കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകർത്തിയിട്ടുണ്ടാകാമെന്നും കൈമാറ്റം ചെയ്തിരിക്കാമെന്നുമാണ് അതിജീവിതയുടെ ആശങ്ക. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടത്. 2018 ജനുവരി 9 മുതൽ ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. രാത്രി സമയത്ത് ഒരു വിവോ ഫോണിൽ മെമ്മറി കാർഡ് ഇട്ടാണ് ദൃശ്യങ്ങൾ കണ്ടിരിക്കുന്നതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. എന്നാൽ ഫോൺ ആരുടേതാണ് എന്ന കാര്യത്തിലുള്ള ദുരൂഹത നീക്കാൻ ഇനിയും സാധിച്ചിട്ടില്ല.
കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ് മെമ്മറി കാർഡ് ചോർന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം വീണ്ടും സുപ്രീം കോടതിയിൽ വരെ എത്തിക്കാൻ അതിജീവിതയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. അതിജീവിതയുടെ ഹർജിക്കെതിരെ പ്രതിയായ നടൻ ദിലീപ് കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.