Sorry, you need to enable JavaScript to visit this website.

അഭ്യൂഹം ശക്തം; പക്ഷേ, നിതീഷ്‌കുമാർ ആരെ സഹായിക്കും?!

ലോകസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വിളിപ്പാടകലെ നിൽക്കവെ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ അഭ്യൂഹം ശക്തം. നിലവിൽ ഇന്ത്യാ മുന്നണിയുടെ കരുത്തുറ്റ മുഖമായ നിതീഷ് കുമാറിനെ ലക്ഷ്യമാക്കിയുള്ള സംഘപരിവാർ കരുനീക്കങ്ങളാണ് അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നത്. 
 പലപ്പോഴായി ഇടത്-സോഷ്യലിസ്റ്റ്-കോൺഗ്രസ് ചേരിയോടൊപ്പം നിൽക്കുകയും കളം മാറി സംഘപരിവാർ ആലയത്തിലെത്തി മലക്കം മറിയുകയും ചെയ്ത രാഷ്ട്രീയ കുതന്ത്രത്തിന്റെ തലതൊട്ടപ്പനാണ് നിതീഷ് കുമാർ. മുമ്പ് എൻ.ഡി.എ ക്യാമ്പുമായി തെറ്റിപ്പിരിഞ്ഞ് പ്രതിപക്ഷ ചേരികൾക്കൊപ്പം നീങ്ങിയ നിതീഷിനെ ഇനി ഞങ്ങൾക്കു വിശ്വാസമില്ലെന്നും വന്നാലും സ്വീകരിക്കില്ലെന്ന് ബീഹാറിലെ ബി.ജെ.പി നേതൃത്വം പലപ്പോഴായി വ്യക്തമാക്കിയതാണെങ്കിലും എൻ.ഡി.എ ദേശീയ നേതൃത്വം നിതീഷിനായി വലവിരിച്ച് ഇന്ത്യാ മുന്നണിയെ നിർവീര്യമാക്കാനുള്ള തീവ്ര നീക്കങ്ങളിലാണെന്നാണ് റിപോർട്ടുകൾ. ഇതിന്റെ ഭാഗമായി ബിഹാറിലെ ബി.ജെ.പി നേതൃത്വവുമായും ജെ.ഡി.യു നേതൃത്വവുമായുള്ള ചില സംഭാഷണങ്ങൾ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആശീർവാദത്തോടെ അണിയറയിൽ നടക്കുന്നുണ്ട്. 
  അതിനിടെ, ബിഹാർ മുൻ മുഖ്യമന്ത്രിയും നിതീഷിന്റെ രാഷ്ട്രീയ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഭാരത് രത്‌ന നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും മോഡിക്ക് പ്രത്യേകം നന്ദി അറിയിച്ചതും നിതീഷ് എൻ.ഡി.എയുടെ ഭാഗമാകുമെന്ന പ്രചാരണത്തിന് കൂടുതൽ എരിവ് പകർന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിനിരന്ന് ഇന്ത്യാ മുന്നണിയിൽ ആവേശം പരത്തുമെന്ന് വാർത്തയുണ്ടെങ്കിലും നിർണായക നീക്കത്തിലൂടെ യാത്രയുടെ ഭാഗമാകാതിരിക്കാനുള്ള തന്ത്രമാണിപ്പോൾ പയറ്റുന്നതെന്നാണ് നിതീഷ് വിരുദ്ധ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഇത് എൻ.ഡി.എ ക്യാമ്പിനോട് അടുക്കുന്നതിന്റെ സൂചനയായാണ് ചിലരെങ്കിലും വ്യാഖ്യാനിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ ടി.എം.സിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും കോൺഗ്രസിനൊപ്പം ചേരാതെ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നിതീഷ് കുമാറും കോൺഗ്രസിന് പണികൊടുക്കുമെന്നാണ് ചില ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുള്ള അടക്കം പറച്ചിലുകൾ. 
 നിതീഷ് കുമാറിനെ നിർത്തേണ്ടിടത്ത് നിർത്തുമെന്നും അദ്ദേഹത്തെ ഉപയോഗിച്ചുള്ള തങ്ങളുടെ ചില രാഷ്ട്രീയ നീക്കങ്ങൾ വ്യർത്ഥമാവില്ലെന്നുമാണ് എൻ.ഡി.എ കേന്ദ്രങ്ങൾ പറയുന്നത്. വർഷങ്ങൾ എൻ.ഡി.എയോടൊപ്പം നിന്ന നിതീഷ് കുമാർ 2014-ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായതോടെയാണ് കളം മാറ്റിച്ചവിട്ടിയത്. അപ്പോഴും ബീഹാറിൽ സങ്കീർണമായ രാഷ്ട്രീയ മുഹൂർത്തങ്ങളിൽ ബി.ജെ.പിയെയും അവരുടെ രാഷ്ട്രീയ എതിരാളികളായ ആർ.ജെ.ഡിയെയും കോൺഗ്രസിനെയുമെല്ലാം തരാതരം തള്ളുകളും കൊള്ളുകയും ചെയ്ത ചരിത്രമാണ് നിതീഷിന്റേത്. അതിനാൽ തന്നെ നിതീഷ് എന്തു ചെയ്താലും അത്ഭുദമില്ലെന്ന നിലയിലാണ് കാര്യങ്ങൾ. ഏറ്റവും ഒടുവിൽ 2022-ലാണ് നിതീഷ് കുമാർ ബിഹാറിൽ എൻ.ഡി.എയോട് ബൈ ബൈ പറഞ്ഞത്. ഇനി തനിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുക എൻ.ഡി.എ ആണെന്നു കണ്ടാൽ അവിടേക്കു പോകാനും അദ്ദേഹം മടിക്കില്ല. പക്ഷേ, നരേന്ദ്ര മോഡിയും അമിത് ഷായുമെല്ലാം അധികാരസിംഹാസനം കൈയാളാൻ കൊതിയോടെ ക്യൂവായി കാത്തുനിൽക്കുമ്പോൾ എൻ.ഡി.എ ക്യാമ്പിൽ അത്തരമൊരു അമിത പ്രതീക്ഷ വച്ച് പുലർത്താൻ നിതീഷിന് സാധിച്ചേക്കില്ല. നിതീഷിന്റെ രാഷ്ട്രീയ വിലപേശലുകൾക്ക് പിന്നെയും സാധ്യതകളുള്ളത് ഇന്ത്യാ മുന്നണിയിലാണു താനും. എന്നാൽ, തെരഞ്ഞടുപ്പിൽ ഇരു സഖ്യത്തിനും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഉണ്ടായില്ലെങ്കിൽ അത് മുതലെടുക്കാനും വേണ്ടി വന്നാൽ നിതീഷിനെ വച്ച് രണ്ടുംവച്ച് കളിക്കാനും ബി.ജെ.പിക്ക് മടിയുണ്ടാവില്ലെന്നതും കട്ടായം. അതിനാൽ നിതീഷ് ആരെ സഹായിക്കും? ആർക്കു പണി കൊടുക്കും എന്ന് അന്തിമമായി പ്രഖ്യാപിക്കേണ്ടത് അദ്ദേഹം മാത്രമാണ്. അത് എത്ര കണ്ട് ഫലിക്കുമെന്നത് വേറെ കാര്യം. എന്തായാലും നിതീഷാണിപ്പോഴത്തെ താരം.

Latest News