ന്യൂദല്‍ഹി - സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ഇ ഡി ഉദ്യോഗസ്ഥരും പരസ്പരം എടുക്കുന്ന കേസുകളില്‍ പ്രതികാര നടപടി ഉണ്ടാകരുതെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എങ്കിലും, നിരപരാധികള്‍ വേട്ടയാടപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളില്‍ രേഖകളും മറ്റും കൈമാറുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ രേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്ക് എതിരായ കൈക്കൂലി കേസിന്റെ അന്വേഷണം സി ബി ഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തമിഴ് നാട് വിജിലന്‍സ് ഡിപ്പാര്‍ട്‌മെന്റ് ആണ് അങ്കിത് തിവാരിക്ക് എതിരെ കേസ് എടുത്തത്. ഈ കേസിലെ നടപടികള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത് കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു.