ന്യൂഡൽഹി - കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്കാനാണ് നിർദേശം.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി ഉടനെ പരിഗണിക്കണമെന്നും ബജറ്റ് അവതരിപ്പിക്കാനുണ്ടെന്നും കേരളത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, ഹരജി സംസ്ഥാന സർക്കാരിന്റെ പരാജയം മറച്ചുപിടിക്കാനാണെന്നും ഉടനെ പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രം വാദിച്ചു. ഹരജിക്ക് ബജറ്റുമായി ബന്ധമില്ലെന്നും ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പ്രശ്‌നമാണ് കേരളത്തിനെന്നും പ്രശ്‌നം കേരളത്തിന്റേത് മാത്രമാണെന്നും ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും എ.ജി പറഞ്ഞു. ഇരു കക്ഷികളുടെയും വാദം കേട്ട സുപ്രിംകോടതി ഹരജി അടുത്തമാസം 16-ലേക്ക് മാറ്റി.