റാഞ്ചി- റാഞ്ചി ഹൈക്കോടതിയില്‍ മനുസ്മൃതിയിലെ വരികള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ സ്ത്രീകളുടെ ഉത്തരവാദിത്വം ഓര്‍മിപ്പിച്ച് ജഡ്ജി. ഭര്‍ത്താവിന്റെ വീട്ടിലെ പ്രായമായ അമ്മയെയും അമ്മൂമ്മയെയും ഉള്‍പ്പെടെ സേവിക്കേണ്ടത് ഇന്ത്യന്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി സുഭാഷ് ചാന്ദ് പറഞ്ഞത്. പ്രായമായവരെ പരിചരിക്കുന്നതാണ് ഇന്ത്യയിലെ സംസ്‌കാരമമെന്നും ജഡ്ജി പറഞ്ഞു.
കുടുംത്തിലെ സ്ത്രീ നല്ലവളെങ്കില്‍ ആ കുടുംബം അഭിവൃദ്ധിയിലെത്തുമെന്നും സ്ത്രീ മോശമാണെങ്കില്‍ ആ കുടുംബം നശിക്കുമെന്നുമുള്ള മനുസ്മൃതിയിലെ വാക്കുകളാണ് ജസ്റ്റിസ് സുഭാഷ് ചന്ദ് ഉദ്ധരിച്ചത്.
സ്ത്രീയെക്കാള്‍ ശ്രേഷ്ഠമായ രത്‌നം ബ്രഹ്‌മാവ് ഒരു ലോകത്തിലും സൃഷ്ടിച്ചിട്ടില്ലെന്നും സ്ത്രീയെ ബഹുമാനിക്കണമെന്നും ബൃഹത് സംഹിത ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.
തന്റെ ഭര്‍ത്താവിന്റെ അമ്മയെയും മുത്തശ്ശിയെയും ഭാര്യ പരിചരിക്കണമെന്നതാണ് ഇന്ത്യന്‍ സംസ്‌ക്കാരം. തക്കതായ കാരണമില്ലെങ്കില്‍ പ്രായമായ മാതാപിതാക്കളില്‍ നിന്ന് വേറിട്ട് ജീവിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ജഡ്ജി പറഞ്ഞു.
ഭാര്യക്ക് പ്രതിമാസം 30,000 രൂപയും പ്രായപൂര്‍ത്തിയാകാത്ത മകന് 15,000 രൂപയും പ്രതിമാസം ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അമ്മയെയും മുത്തശ്ശിയെയും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭാര്യ സമ്മര്‍ദം ചെലുത്തിയെന്നും ഇത് അംഗീകരിക്കുന്നതുവരെ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ അവര്‍ വിസമ്മതിച്ചെന്നുമാണ് യുവാവിന്റെ ഹര്‍ജിയില്‍ പറയുന്നത്. യുവാവ് ഹര്‍ജിയില്‍ പറഞ്ഞു. തന്റെ 75 വയസുള്ള അമ്മയേയും 95 വയസുള്ള മുത്തശ്ശിയെയും പരിചരിക്കാന്‍ താത്പര്യമില്ലാതിരുന്ന ഭാര്യ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് പോയതാണെന്നു ബോധിപ്പിച്ച യുവാവ് മാതാപിതാക്കളില്‍ നിന്ന് വേറിട്ട് ജീവിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയുന്നു.
യുവതിക്ക് ജീവനാംശം നല്‍കണമെന്ന കുടുംബ കോടതി വിധി ഹൈക്കോടതി തള്ളി. എന്നാല്‍ മകന് നല്‍കേണ്ട തുക പതിനയ്യായിരത്തില്‍ നിന്ന് കാല്‍ലക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു.