ഇടുക്കി -സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറില്‍ കാട്ടാന ഭീതി വിതക്കുന്നു. ഒരു വര്‍ഷത്തിനിടെ 4 പേരാണ് മൂന്നാറില്‍ മാത്രം കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുമേറ്റു.
ചൊവ്വാഴ്ച രാത്രി വിവാഹ വീട്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ വയോധികന്‍ കൊല്ലപ്പെട്ടതാണ് അവസാന സംഭവം. ഗുണ്ടുമലം തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ മേരിയുടെ വീട്ടില്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കൊല്ലപ്പെട്ട പാല്‍രാജ്(73). ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നു. ഇതാണ് ആന ഇങ്ങോട്ടെത്താന്‍ കാരണമായി വനംവകുപ്പ് പറയുന്നത്. പോള്‍രാജും മറ്റ് മൂന്നുപേരും സമീപത്തെ കാന്റീനില്‍ പോയ ശേഷം മടങ്ങി എത്തുന്നതിനിടെയാണ് സംഭവം. മറ്റുള്ളവര്‍ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തില്‍ പോള്‍രാജിന് വേഗത്തില്‍ ഓടിമാറാനായില്ല. ഒറ്റക്കൊമ്പുള്ള ആനയാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.പാല്‍രാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. അടിയന്തിര ധനസഹായമായി 50,000 രൂപ വനംവകുപ്പ് ബന്ധുക്കള്‍ക്ക് കൈമാറി.
22ന് ചിന്നക്കനാല്‍ ബിയല്‍റാം സ്വദേശി സൗന്ദര്‍രാജിനെ കൃഷിയിടത്തില്‍വച്ച് കാട്ടാന ആക്രമിച്ചിരുന്നു. ചക്കക്കൊമ്പന്‍ ആനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ രണ്ട് കൈകളും ഒടിഞ്ഞു. പന്നിയാര്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ 8ന് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ പരിമള(44) കൊല്ലപ്പെട്ടിരുന്നു.
മൂന്നാറില്‍ ടൗണിലിറങ്ങിയടക്കം പടയപ്പ വിലസുമ്പോള്‍ തോട്ടം മേഖലയില്‍ മറ്റ് കാട്ടാനകളും വന്യമൃഗങ്ങളും നിരന്തരം ഭീഷണിയാകുകയാണ്. അരിക്കൊമ്പന് ശേഷം അടുത്തകാലത്ത് ജില്ലയില്‍ സജീവ ചര്‍ച്ചയാകുകയാണ് കാട്ടാനയാക്രമണം. ശാന്തനും മൂന്നാറുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്ന കാട്ടാനയായിരുന്നു 60 വയസ് പ്രായം വരുന്ന പടയപ്പ. എന്നാല്‍ അടുത്തകാലത്തായി ആന പതിവായി ജനവാസ മേഖലയില്‍ തമ്പടിക്കുകയും ആക്രമാസക്തനാകുകയുമാണ്.
അരിക്കൊമ്പന്റെ പിന്‍ഗാമിയായി റേഷന്‍കട തകര്‍ക്കുകയും കടകള്‍ തകര്‍ക്കുകയും പതിവാക്കിയിരിക്കുകയാണ് പടയപ്പ. ഇക്കോ പോയിന്റിലെത്തിയ കാട്ടാന വലിയ നാശമാണ് കഴിഞ്ഞ ദിവസം വരുത്തിയത്. ഇതിനൊപ്പം കടുവ, കാട്ടുപോത്ത്, കരടി, കാട്ടുപന്നി എന്നിവയും മേഖലയില്‍ വിലസുകയാണ്. മൂന്നാര്‍ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് വന്യമൃഗശല്യത്തില്‍ നിന്ന് സുരക്ഷ ഒരുക്കണമെന്നത്. വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരാറുണ്ടെങ്കിലും ഇവയെല്ലാം വേഗം കെട്ടടങ്ങുന്നതാണ് പതിവ്.