നാസിക്- ഭീകര സംഘടനയായ ഐ.എസിന് സംഭാവന നൽകിയെന്ന് ആരോപിച്ച് മഹരാഷ്ട്രയിൽ 32 കാരനായ എഞ്ചിനീയർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസികിലാണ് ഐ.എസിന് മുന്നു തവണ സംഭാവന അയച്ചുവെന്ന കുറ്റം ചുമത്തി യുവാവിനെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലായി ഇയാളുടെ സഹായികൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഐ.എസിന് മൂന്ന് തവണ ഫണ്ട് ട്രാൻസ്ഫർ ചെയ്തതായി അന്വേഷണത്തിൽ സ്ഥരീകരിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറക്കുമതി കയറ്റുമതി ബിസിനസ് നടത്തുന്ന യുവാവിന്റെ അറസ്റ്റോടെ ഐ.എസിനെ പിന്തണക്കാനും ഫണ്ട് നൽകാനും പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കണ്ണികളെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഭീകര വിരുദ്ധ സ്ക്വാഡ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംസ്ഥാന പോലസിലെ ഭീകരവിരുദ്ധ സെൽ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എഞ്ചിനിയറും ബിസിനസുകാരനുമായ ഇയാളുടെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും സിം കാർഡുകളും ലാപ്ടോപ്പും പെൻ ഡ്രൈവും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.