മാഞ്ചസ്റ്റര്‍- വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ പറന്നുയരാന്‍ തയ്യാറെടുക്കവെ ചിറകിലെ ബോള്‍ട്ടുകള്‍ ഇളകി വീണതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. മാഞ്ചസ്റ്ററില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകാന്‍ തയ്യാറെടുത്ത വിഎസ് 127 വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്.
പറന്നുയരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിന്റെ ചിറകിലെ ബോള്‍ട്ടുകള്‍ ഇളകിപ്പോയി, യാത്രക്കാരന്‍ ഇത് ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി വിമാനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി.
യാത്രയ്ക്ക് തയ്യാറെടുത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരനാണ് ബോള്‍ട്ടുകള്‍ ഇളകിയത് കണ്ടെത്തിയത്. ഇയാള്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് ഇയാള്‍ ഇളകിവീണ ബോള്‍ട്ടുകള്‍ കണ്ടെത്തിയത്.
ബ്രിട്ടീഷ് പൗരന്‍ ഫില്‍ ഹാര്‍ഡിയാണ് ബോള്‍ട്ട് ഇളകിയത് കണ്ടെത്തിയത്. അദ്ദേഹം ഭാര്യയ്ക്ക് ബോള്‍ട്ട് ഇളകിയത് കാണിച്ചു കൊടുത്തതോടെ അവര്‍ പരിഭ്രാന്തയാവുകയും തുടര്‍ന്ന് ഫില്‍ ഹാര്‍ഡി ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു.
വിങ് പാനലിലെ 119 ഫാസ്റ്റനറുകളില്‍ നാലെണ്ണമാണ് നഷ്ടപ്പെട്ടതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ ബോള്‍ട്ടുകള്‍ നഷ്ടമായത് സുരക്ഷാ ഭീഷണിയല്ലെന്നും വിമാനക്കമ്പനി അറിയിച്ചു.
വിമാനത്തിന്റെ സുരക്ഷാ ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ക്കു വേണ്ടിയാണ് സര്‍വീസ് റദ്ദാക്കിയത്.