ന്യൂദൽഹി- ബലാത്സംഗത്തിന് ഇരയായ ഒമ്പത് വയസുകാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ തന്റെ 2021-ലെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദൽഹി ഹൈക്കോടതിയെ അറിയിച്ചു. രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്റ് ഇതിനകം ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇത് നീക്കം ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ട്വിറ്ററിന്റെ അഭിഭാഷകനും ഈ പ്രസ്താവന സ്ഥിരീകരിച്ചു. വിഷയത്തിൽ 2021 സെപ്റ്റംബറിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ദൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. മുദ്രവച്ച കവറിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ദൽഹി പോലീസ് സമർപ്പിക്കുകയും ചെയ്തു. 2021ൽ ദൽഹി കന്റോൺമെന്റ് ഏരിയയിൽ ഒമ്പത് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് കേസ്. ദൽഹിയിലെ പുരാണ നംഗൽ ഏരിയയിലെ ശ്മശാനത്തിൽ സ്ഥാപിച്ചിരുന്ന കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെ അവിടെയുള്ള പുരോഹിതനും മറ്റ് മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പ്രദേശം സന്ദർശിച്ച രാഹുൽ ഗാന്ധി പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുകയും അവരെ ആശ്വസിപ്പിക്കുന്ന ഫോട്ടോകൾ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പരാതി എത്തിയത്.