Sorry, you need to enable JavaScript to visit this website.

20,000 രൂപ മുടക്കി അറ്റകുറ്റപണി നടത്തിയ വീടിന് 41,264 രൂപ സെസ് നൽകിയത് പിൻവലിച്ചു

കണ്ണൂർ- അര നൂറ്റാണ്ടിലധികം പഴക്കമുള്ള വീട് 20,000 രൂപ മുടക്കി അറ്റകുറ്റപണി നടത്തിയയാൾക്ക് 41,264 രൂപ സെസ് അടക്കാൻ ലേബർ വകുപ്പ് നൽകിയ ഉത്തരവ് പിൻവലിച്ചു. ഇരിട്ടി ചുങ്കക്കുന്ന് സ്വദേശിയായ കർഷകൻ പൊതനപ്ര തോമസിനാണ് നിർമാണ തൊഴിലാളി ക്ഷേമനിധി അധികൃതർ സെസ് അടയ്ക്കാൻ നോട്ടീസ് അയച്ചത്. സംഭവം വലിയ വിവാദമായിരുന്നു.
51 വർഷം പഴക്കമുണ്ട് കേളകം പുതനപ്രയിലെ തോമസിന്റെ വീടിന്. അത് പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. പത്ത് വർഷം മുമ്പ് തോമസ് വീട്ടിൽ അറ്റകുറ്റപ്പണി നടത്തി. മേൽക്കൂര ചോർന്നതു കൊണ്ടും പട്ടിക ചിതലരിച്ചതുകൊണ്ടും കുറച്ചുഭാഗം ഷീറ്റിട്ടു. 20,000 രൂപയാണ് ചെലവായത്. ഇതിന് 2016ൽ റവന്യൂ വകുപ്പ് 6000 രൂപ കെട്ടിട നികുതി ഈടാക്കി. തറ വിസ്തീർണം അളന്നത് 226.72 ചതുരശ്ര മീറ്റർ. തുടർന്ന് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത് കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡാണ്. തറവിസ്തീർണം റവന്യൂ വകുപ്പ് കണക്കാക്കിയതിനേക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയത്.
ആകെ നിർമാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം രൂപയാണ്. അതിന്റെ ഒരു ശതമാനമായ 41,264 രൂപ സെസായി അടയ്ക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. എങ്ങനെ ഇത്ര തുക കണക്കാക്കി എന്നതിന് തൊഴിൽ വകുപ്പ് വിശദീകരണം കൂടി കേൾക്കാം. കയ്യിൽ കിട്ടിയത് 2016ൽ കെട്ടിട നികുതി അടച്ച വിവരങ്ങളാണ്. അതനുസരിച്ച് സ്‌ക്വയർ മീറ്ററിന് 11,000 രൂപ കണക്കാക്കി നിർമാണച്ചെലവ് നിശ്ചയിച്ചു.  അരനൂറ്റാണ്ട് പഴക്കമുള്ള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് ചോദ്യമുന്നയിച്ച് തോമസ് നിയമനടപടിക്കൊരുങ്ങിയിരുന്നു. ഇതിനിടയിലാണ് സെസ് തുക പിൻവലിച്ചതായി അറിയിപ്പു ലഭിച്ചത്. സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസറാണ് അറിയിച്ചത്. താലൂക്ക് ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെസ് നിശ്ചയിച്ചതെന്നാണ് അധികൃതരുടെ നിലപാട്.
കേളകം പഞ്ചായത്തിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം തോമസ് ഹാജരാക്കിയിരുന്നു. വീടിന്റെ പിന്നിലെ ചാർത്തിനും തോമസ് ഷീറ്റ് ഇട്ടിരുന്നു. ഇതിന്റെ നിർമാണച്ചെലവ് 10 ലക്ഷം രൂപയിൽ താഴെയായതിനാൽ ഇതിന്റെ സെസും ഒഴിവാക്കാൻ സാക്ഷ്യ പത്രം ഹാജരാക്കുമെന്ന് തോമസ് പറഞ്ഞു.

Latest News