ചെന്നൈ- തനിക്ക് ഹിന്ദി അറിയില്ലെന്നും ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയില്‍ പുതിയ പേരുകള്‍ വന്നെങ്കിലും പഴയ ഇംഗ്ലീഷ് പേരുകള്‍ ഉപയോഗിക്കുന്നത് തുടരുമെന്നും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ്. ചൊവ്വാഴ്ച ഒരു കേസ് പരിഗണിക്കവെയാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ അവയുടെ യഥാര്‍ഥ പേരുകളില്‍ മാത്രമേ പരാമര്‍ശിക്കുമെന്ന് ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. 'ഞാന്‍ ഐ.പി.സിയെ ഐ.പി.സി എന്ന് മാത്രമേ പരാമര്‍ശിക്കൂ, കാരണം എനിക്ക് ഹിന്ദി അറിയില്ല- അദ്ദേഹം പറഞ്ഞു.
മൂന്ന് പുതിയ ക്രിമിനല്‍ നിയമ സംഹിതകള്‍ ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിത (മുന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം), ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത (മുന്‍ ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഭാരതീയ സാക്ഷ്യ സംഹിത (ഇന്ത്യന്‍ തെളിവ് നിയമം) എന്നിങ്ങനെയാണ് ഇവക്ക് പേര് നല്‍കിയത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും സര്‍ക്കാര്‍ വകവെച്ചില്ല. രാഷ്ട്രപതി അംഗീകാരം നല്‍കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതികള്‍ ആഭ്യന്തര മന്ത്രാലയം അറിയിക്കും.
മദ്രാസ് ഹൈക്കോടയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) എ ദാമോദരന്‍ സിആര്‍പിസിക്ക് പകരമായി വരുന്ന ഭാരതീയ നാഗരിക് സുരക്ഷാ സമഹിത, 2023നെ കുറിച്ച് പരാമര്‍ശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടപ്പോഴാണ് ് ജഡ്ജി നിലപാട് വ്യക്തമാക്കിയത്.