Sorry, you need to enable JavaScript to visit this website.

കടൽ കടക്കുന്ന മലയാളി

തൊഴിൽ തേടി മലയാളി കടൽ കടക്കുന്നതിൽ പുതുമയുമില്ല. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് സിലോൺ, ബർമ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രയാണം. ഗൾഫ് നാടുകളിലേക്ക് പലായനം തുടങ്ങിയിട്ടും അര നൂറ്റാണ്ടിലേറെയായി. പുതിയ തലമുറ പടിഞ്ഞാറൻ നാടുകളോടാണ് കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത് 

 

ഏകദേശം നാല് ദശകങ്ങൾക്കപ്പുറം 1980കളുടെ തുടക്കത്തിൽ കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജ് ലൈബ്രറിയിൽ ചെന്നിരുന്ന് ദിനപത്രങ്ങൾ വായിക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായത്തിന് അന്ന് ഇത്രയധികം പത്രങ്ങളൊന്നുമില്ല. സമുദായ പാർട്ടിയുടെ ജിഹ്വ മാത്രം. അതിന്റെ എഡിറ്റോറിയൽ പേജിലെ ഒരു ലേഖനമാണ് ശ്രദ്ധിച്ചത്. ഗൾഫിലെ തൊഴിൽ സാധ്യതകൾ അസ്തമിക്കുന്നുവെന്നതായിരുന്നു ശീർഷകം. നെഗറ്റീവ് ചിന്തകളുടെ മൂത്താപ്പയായ ഏതോ ലേഖകന്റെ ഭാവന സൃഷ്ടിയാവാം. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്ന് ഇപ്പോഴും ഗൾഫ് നഗരങ്ങളിലേക്ക് തൊഴിലസവരങ്ങൾ തേടി മലയാളി യാത്ര പുറപ്പെടുന്നു. മലയാളികളുടെ മൂന്നാം തലമുറയാണ് ഇപ്പോൾ ഗൾഫിൽ. വൻകിട വികസന പദ്ധതികൾ വരുമ്പോൾ നമ്മുടെ ആളുകളുടെ അവസരങ്ങളും വർധിക്കുകയേയുള്ളു.  ഗൾഫിന്റെ പ്രധാന സവിശേഷത അവിടേക്ക് ആർക്കും ചെന്നെത്താമെന്നതാണ്. അറബിക് ഭാഷയിലെ പ്രാവീണ്യമൊന്നും ആരും അന്വേഷിക്കാറില്ല. കേരളീയരുടെ ആത്മാർഥതയും തൊഴിലിനോടുള്ള പ്രതിബദ്ധതയുമാണ് അറബികളുടെ ഹൃദയം കീഴടക്കിയത്. പടിഞ്ഞാറൻ നാടുകളിൽ പലതും അക്കാദമിക യോഗ്യത പോലെ തന്നെ പ്രധാനമായി പരിഗണിക്കുന്നത് ഇംഗ്ലീഷിലെ ആശയ വിനിമയ ശേഷിയാണ്. 
ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും മലയാളികളുണ്ട്. 195 രാജ്യങ്ങളിൽ 182 ഇടങ്ങളിലും കേരളീയർ ജോലി ചെയ്യുന്നുണ്ടെന്നാണ് നോർക്ക റൂട്ട്‌സ് കണക്ക്.  പുതിയ തലമുറ കേരളം വിട്ടുപോകുന്നതിനെ കുറിച്ചുള്ള വിലാപങ്ങളാണെങ്ങും. ശരിയാണ്, ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ സംസ്ഥാനത്ത് നിന്ന് കുട്ടികൾ പറന്നകലുകയാണ്. വൃദ്ധന്മാർ മാത്രം അവശേഷിക്കുന്ന നാടായി ക്രമേണ കേരളം മാറിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കോട്ടയം ജില്ലയിലെ പാലായിലും മറ്റും വൃദ്ധന്മാർ മാത്രമുള്ള വീടുകളുണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. 
തൊഴിൽ തേടി മലയാളി കടൽ കടക്കുന്നതിൽ ഒരു പുതുമയുമില്ല. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് സിലോൺ, ബർമ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രയാണം. ഗൾഫ് നാടുകളിലേക്ക് പലായനം തുടങ്ങിയിട്ടും അര നൂറ്റാണ്ടിലേറെയായി. നാട്ടിൽ ജീവിക്കാൻ നിർവാഹമില്ലാതെ വന്നപ്പോഴാണ് മെച്ചപ്പെട്ട അവസരങ്ങൾ തേടി മലയാളികൾ പുറംനാടുകളിലെത്തിയത്. ആദ്യകാല പ്രവാസികൾ ചേക്കേറിയ നാടുകളുടെ ഓർമയുണർത്തുന്ന സ്ഥാപനങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷഭരിതമായ സ്ഥലങ്ങളിൽ പോലും മലയാളികളുണ്ട്. സിറിയ, ഉക്രെയിൻ തുടങ്ങിയ യുദ്ധമേഖലകളിലും പ്രശ്‌ന മേഖലകളായ സൊമാലിയ, സിയറ ലിയോൺ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്യാൻ മലയാളി ഒരുക്കമാണ്.  തുർക്ക്മെനിസ്ഥാൻ, മ്യാൻമർ,  ഇറാൻ, ദക്ഷിണ സുഡാൻ, ഇസ്രായിൽ, ഫലസ്തീൻ, റഷ്യ എന്നീ രാജ്യങ്ങളിലും വത്തിക്കാനിലും  മലയാളി സാന്നിധ്യമുണ്ട്. 
കേരളം വിട്ട് തൊഴിൽ തേടി പോകുന്ന അവിദഗ്ധരായ തൊഴിലാളികളിൽ കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് ഗൾഫ് രാജ്യങ്ങളാണ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇവർ യാത്ര തിരിക്കുന്നു. നയതന്ത്ര കാര്യാലയങ്ങളിൽ ചെന്ന് വിസ ഇന്റർവ്യൂവിന് ഹാജരാകേണ്ട കാര്യമില്ല. എന്നാൽ വിദ്യാസമ്പന്നരും തൊഴിൽ വൈദഗ്ധ്യം നേടിയവരുമായ മലയാളികളിൽ ഏറെയും പോകുന്നത് പാശ്ചാത്യരാജ്യങ്ങളിലേക്കാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നവർ ഗൾഫുകാരെ പോലെ നാട്ടിലേക്ക് പതിവായി വരാറില്ല. കേരളത്തിന്റെ പതിനഞ്ചാമത്തെയോ പതിനാറാമത്തെയോ ജില്ലയായി കണക്കാക്കാൻ പറ്റുന്ന രാജ്യങ്ങളുമല്ല. ഗൾഫ് മലയാളികളെ പോലെ നാട്ടിലെ ഓരോ വിഷയത്തെ പറ്റിയും സെമിനാറും സിമ്പോസിയങ്ങളും സംഘടിപ്പിക്കാൻ താൽപര്യം കാട്ടുന്നവരുമല്ല ഈ വിഭാഗം. എത്തിച്ചേർന്ന നാട്ടിൽ സ്ഥിരതാമസമോ പൗരത്വമോ ലഭിക്കുന്നതോടെ നാട്ടിലേക്ക് വരാനുള്ള താൽപര്യം കുറയുന്നതാണ് കണ്ടു വരുന്നത്. 
തമിഴ്‌നാട്ടിൽ ടാറ്റയുടെ പതിനായിരം കോടിയുടെ നിക്ഷേപം വരുന്നതായി അടുത്തിടെ വാർത്തയുണ്ടായിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും രാജ്യത്തെ ധനാഢ്യർ വൻതോതിൽ നിക്ഷേപിക്കാൻ തയാറാണെന്നാണ് പ്രഖ്യാപിച്ചത്. ഇതെല്ലാം അതത് സംസ്ഥാനങ്ങളിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. എന്നാൽ കേരളത്തിൽ അടുത്ത കാലത്തൊന്നും പുതുതായി വ്യവസായ സംരംഭങ്ങൾ ആരംഭിച്ചിട്ടില്ല. നിലവിലുള്ള പലതിന്റേയും പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് കണ്ടത്. 
 വിദേശ റെമിറ്റൻസിനെ ആശ്രയിച്ചു കഴിയുന്ന മണി ഓർഡർ ഇക്കോണമിയാണല്ലോ കേരളത്തിന്റേത്. ഉയർന്ന യോഗ്യതയുള്ള യുവതീയുവാക്കൾക്ക് മെച്ചപ്പെട്ട ജോലി നൽകാനുള്ള വകയൊന്നും കേരളത്തിലില്ല. വിവാദ വ്യവസായമല്ലാതെ മറ്റൊന്നും ഇവിടെ പുഷ്ടിപ്പെടുന്നില്ല. വടക്കൻ കേരളത്തിൽ വൻകിട വ്യവസായ സംരംഭങ്ങളൊന്നുമില്ല. മാവൂർ ഗ്വാളിയർ റയോൺസിന്റെ ഭൂമി ഉപയോഗപ്പെടുത്തി ഐ.ടി പാർക്ക് വരുമെന്ന് വീരവാദം മുഴക്കുന്നത് കേട്ടിരുന്നു. ഒന്നും സംഭവിച്ചില്ല. അല്ലെങ്കിലും ആദ്യ കമ്യൂണിസ്റ്റ് സർക്കാരുകൾ ഈ വക കാര്യങ്ങളിൽ കാട്ടിയിരുന്ന ഉത്സാഹം പിന്നീട് ഭരണം കൈയാളിയവർക്കുണ്ടായില്ല. മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോഴിക്കോട് മെഡിക്കൽ കോേളജും ചാത്തമംഗലം ആർ.ഇ.സിയും നിലവിൽ വന്നതും അക്കാലത്താണല്ലോ. ചെറിയ സംസ്ഥാനങ്ങൾക്ക് വരെ എയിംസുണ്ട്.
കേരളത്തിലെ പുരുഷന്മാർക്കെന്ന പോലെ മലയാളി വനിതകൾക്കും വിദേശ അവസരങ്ങൾ ഏറിവരികയാണ്. സൗദി അറേബ്യയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും മലയാളി നഴ്‌സുമാരെ കുറിച്ച് നല്ല മതിപ്പാണ്. പ്രത്യേക പരിശീലനം സിദ്ധിച്ചെത്തുന്ന ഫിലിപ്പിനോ നഴ്‌സുമാരേക്കാൾ നന്നായി രോഗികളെ പരിചരിക്കാൻ മലയാളി നഴ്‌സുമാർക്ക് കഴിയുന്നു. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും മലയാളി നഴ്‌സുമാർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ജർമനിയും യുകെയും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് നഴ്‌സുമാർക്ക് അവസരങ്ങളുണ്ടാകും. ജർമനിയിൽ മാത്രം ഒന്നരലക്ഷത്തോളം നഴ്‌സുമാർക്ക് അവസരമുണ്ടാകുമെന്ന് നോർക്ക റൂട്‌സ് കണക്കാക്കുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനത്തിലേറെ നഴ്‌സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അഞ്ചുവർഷത്തിനകം ഈ നഴ്‌സുമാരിൽ ബഹുഭൂരിപക്ഷവും ജോലിവിടും. അത്രയും പുതിയ നഴ്‌സുമാർ വേണ്ടിവരും. അമേരിക്കയിൽ 25 ശതമാനത്തോളം നഴ്‌സുമാരും 55 പിന്നിട്ടവരാണ്. ഇതും കേരളത്തിൽ നിന്നുള്ളവർക്ക് അവസരം വർധിപ്പിക്കുന്ന ഘടകമാണ്.  യൂറോപ്യൻ രാജ്യങ്ങൾ ഭാഷ അറിയാവുന്നവരെയാണ് തേടുന്നത്. നഴ്‌സ് നിയമനത്തിൽ ജർമനി ഇക്കാര്യം പ്രത്യേകം നിഷ്‌കർഷിക്കുന്നു. ഇതു മുന്നിൽ കണ്ട് ജർമൻ, ഫ്രഞ്ച് ഭാഷകളിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഇറ്റലി, യു.കെ., അയർലൻഡ്, ലക്‌സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് ജർമനിക്കു പുറമേ കൂടുതൽ നഴ്‌സുമാർക്ക് അവസരം നൽകുന്നത്. കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലാൻഡും കേരളത്തിലെ കുട്ടികളുടെ  ഇഷ്ട ലക്ഷ്യങ്ങളിൽ പെടുന്നു. 
കനഡയിൽ സ്ഥിര താമസത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി മാർഗങ്ങൾ ലഭ്യമാണ്. ഇവയിൽ ഏറ്റവും വേഗം സാധ്യമാകുന്നത് എക്സ്പ്രസ് എൻട്രി പ്രോഗ്രാമാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള തമ്മിലുള്ള നയതന്ത്ര തർക്കം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ പെർമിറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷം നാല് ശതമാനം കുറഞ്ഞുവെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ വിദ്യാർഥികൾ തന്നെയാണ് ഏറ്റവും മുന്നിൽ. 2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഏകദേശം 3,30,000 പുതിയ കുടിയേറ്റക്കാരും വിദ്യാർത്ഥികളും കാനഡയിൽ താമസിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 62,410 പേർ സ്ഥിരതാമസക്കാരായി. രാജ്യത്തിന്റെ ഇമിഗ്രേഷൻ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാ വർഷവും കാനഡയിൽ സ്ഥിരതാമസത്തിന് അർഹത നേടുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2022ൽ 52,740 അന്താരാഷ്ട്ര ബിരുദധാരികളാണ് കാനഡയിൽ സ്ഥിരതാമസ അനുമതി നേടിയത്. കഴിഞ്ഞ വർഷം 9,670 പേരാണ് വർധിച്ചതെന്ന് 2023 നവംബറിലെ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് ഡാറ്റ പറയുന്നു. കാനഡയിലെ ജനസംഖ്യാ വളർച്ചയിൽ ഇപ്പോൾ ഭൂരിഭാഗവും വിദേശ വിദ്യാർത്ഥികളും സ്ഥിര താമസക്കാരല്ലാത്തവരും താൽക്കാലിക വിദേശ തൊഴിലാളികളുമാണ്. വിസ്തൃതമായ കാനഡയും അമേരിക്കയും വിദ്യാസമ്പന്നരായ നമ്മുടെ പുതിയ തലമുറയുടെ പ്രതീക്ഷകളാണ്. ന്യൂയോർക്കിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെച്ചു കണ്ടു. ലാപ്‌ടോപുമായാണ് അയാളുടെ സഞ്ചാരം. വർക്ക് അറ്റ് ഹോം വ്യവസ്ഥയിൽ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തിയിട്ടും ഓഫീസിലെന്ന പോലെ ജോലി ചെയ്യുകയാണ്. ഇതാണ് വിരൽ തുമ്പിലെ പുതിയ ലോകം. നമ്മുടെ കുട്ടികൾ കടൽ കടന്ന് സൗഹൃദത്തിന്റേയും വിദ്വേഷ രാഹിത്യത്തിന്റേയും ലോകത്ത് ആഹ്ലാദത്തോടെ ജീവിക്കട്ടെ. 

Latest News