കൊൽക്കത്ത - പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് കാറപകടത്തിൽ പരുക്ക്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ശ്രമിക്കവെ, മമത സഞ്ചരിച്ച കാറിലെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ മുൻസീറ്റിലായിരുന്ന മമതയുടെ തല കാറിൽ ഇടിക്കുകയായിരുന്നു.
പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൊൽക്കത്തയിലെത്തിയ ശേഷം ഡോക്ടർമാരെ കാണാനാണ് തീരുമാനം. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടർ ഉപയോഗിക്കാതെ കാർ മാർഗം തലസ്ഥാനത്ത് എത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം. ബുർദ്വാൻ ജില്ലയിലെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം.