ന്യൂയോർക്ക് സിറ്റി - ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഒരു അപ്പാർട്ട്‌മെന്റിലെ റഫ്രിജറേറ്ററിലെ ഫ്രീസറിനുള്ളിൽ പുരുഷന്റെ അവയവങ്ങൾ കണ്ടെത്തി. തലയും മറ്റു ശരീര ഭാഗങ്ങളും ഫ്രീസറിൽ നിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഫ്ളാറ്റ് ബുഷിലെ ഫരാഗട്ട് റോഡിന് സമീപമുള്ള നോസ്ട്രാൻഡ് അവന്യൂവിലെ നാലാം നിലയിലെ അപ്പാർട്ട്‌മെന്റിലെ ഒരു ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ബ്രൂക്ലിനിലെ ഹെതർ സ്‌റ്റൈൻസ് (45) എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യു.എസ് പ്രാദേശിക സമയം, തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു ഫ്രീസർ. ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കാതിരിക്കാനാണ് ഫ്രിഡ്ജ് ടേപ്പിട്ട് ഒട്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. തലയും കൈക്കാലുകളും മറ്റു ശരീര അവയവങ്ങളുമാണ് ഫ്രീസറിൽനിന്ന് ലഭിച്ചതെന്ന് പോലീസ് പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതശരീരം ആരുടേതാണെന്ന് തിരിച്ചറിയാൻ ശ്രമിച്ചുവരികയാണെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ഓഫ് ഡിറ്റക്റ്റീവ് ജോസഫ് കെന്നി പറഞ്ഞു. മരണത്തിന്റെ കൃത്യമായ കാരണം നിർണ്ണയിക്കാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
സംഭവത്തിൽ 'ദൈവമേ, എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് പോലീസ് കസ്റ്റഡിയിലുള്ള ഹെതർ സ്‌റ്റൈൻസിന്റെ 79 വയസ്സുള്ള അമ്മായി ആമി സ്‌റ്റൈൻസ് പ്രതികരിച്ചു. തന്റെ മരുമകൾ മയക്കുമരുന്ന് പ്രശ്‌നങ്ങളുമായി മല്ലിടുകയും അവയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങൾക്ക് മുമ്പ് കെന്റക്കിയിൽ നിന്ന് മാറിത്താമസിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ഇപ്പോൾ, ഹെതർ സ്‌റ്റൈൻസ് തന്റെ ഭർത്താവിനൊപ്പം ബ്രൂക്ലിൻ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്നു, നല്ല നിലയിലാണ് പണം സമ്പാദിക്കുന്നതെന്നും അവർ പറഞ്ഞു.
ഹെതർ സ്‌റ്റൈൻസിന്റെ ഭർത്താവ് നിക്കോളാസ് മക്ഗീ സെപ്തംബർ മുതൽ വിർജീനിയ ജയിലിലാണെന്നാണ് മാധ്യമ റിപോർട്ടുകൾ. മക്ഗീ ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാകേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി കാതറിൻ മക്ഗീ പറഞ്ഞു. ദമ്പതികൾ ഇരുവരും മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരാണെന്നും ഹെറോയിനും മറ്റും ഉപയോഗിക്കുന്നവരാണെന്നും ഒന്നിലധികം തവണ അറസ്റ്റിലായിട്ടുണ്ടെന്നും ന്യൂയോർക്ക് ഡെയ്‌ലി റിപോർട്ട് ചെയ്തു. തന്റെ പെൺമക്കളിൽ ഒരാൾ മയക്കുമരുന്ന് അമിതമായി കഴിച്ച് മരിച്ചുവെന്ന് അറിഞ്ഞതിന് ശേഷം 'ഒന്നോ രണ്ടോ വർഷം' മുമ്പ് ഹെതറിന് വീണ്ടും രോഗം വന്നതായും അവർ വെളിപ്പെടുത്തി.