ഇന്ത്യ മുന്നണി സ്വപ്നങ്ങൾ തകരുകയാണോ; ബംഗാളിൽ തനിച്ച് മത്സരിക്കുമെന്ന് മമത ബാനർജി

കൊല്‍ക്കത്ത-ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള   ഇന്ത്യ മുന്നണി നീക്കത്തിന് കനത്ത തിരിച്ചടി നൽകി മമതാ ബാനർജിയുടെ പ്രഖ്യാപനം.  പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.

ഇന്ത്യ മുന്നണി നേതൃത്വവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി നടത്തിയ സീറ്റ് ചര്‍ച്ച പരാജയപ്പെട്ടതായി മമത സൂചിപ്പിച്ചു. തങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയെന്നും   തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും  മമത അറിയിച്ചു.

മമത ബാനര്‍ജി അവസരവാദിയാണെന്നും, മമതയുടെ പിന്തുണയില്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ തീരുമാനം.

രാജ്യത്ത് എന്ത് സംഭവിക്കുമെന്നതില്‍ തനിക്ക് ആശങ്കയില്ല, തൃണമൂല്‍ കോണ്‍ഗ്രസ് ഒരു മതേതര പാർട്ടിയാണ്, ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. രാഹുല്‍ ഗാന്ധിയുടെ ഭോരത് ജോഡോ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അക്കാര്യം അറിയിച്ചിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കുക

സൗദിയിലുള്ള ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ വാടക കൊലയാളികള്‍ യുവതിയെ കൊലപ്പെടുത്തി; നാലു പേര്‍ അറസ്റ്റില്‍

Latest News