ഫത്തേപൂര്‍- ഉത്തര്‍പ്രദേശില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ അറസ്റ്റിലായി. യു.പിയിലെ ഫത്തേപൂരില്‍ രണ്ട് ദിവസം മുമ്പാണ് നിര്‍മാണത്തിലിരിക്കുന്ന വീടിനകത്ത് 26 കാരിയുടെ നഗ്നശരീരം കണ്ടെത്തിയത്.
യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താലാണ് ഭര്‍ത്താവ് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിനു മുമ്പ് സംഘം യുവതിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. പ്രതികളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
ഭര്‍ത്താവിനും കൊലയാളികള്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ ഭര്‍തൃ സഹോദരനായ 25 കാരനെ പോലീസ് അന്വേഷിക്കുകയാണ്. റിമാന്റിലായ പ്രതികളെല്ലാം 20 വയസ്സുകാരാണ്.
ജോലിക്കായി ഒരു വര്‍ഷം മുമ്പ് സൗദിയിലേക്ക് പോയ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സൗദി അറേബ്യയില്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ബന്ധപ്പെടുകയാണെന്ന് ഫത്തേപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഹോരി ലാല്‍ സിംഗ് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലും യുവാവ് പ്രതിയാണെന്ന് സിംഗ് പറഞ്ഞു. ആ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ യുവതി 15 ദിവസമായി മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവുമായി ഫോണില്‍ തര്‍ക്കിച്ചതിന് ശേഷമാണ് യുവതി മാതാപിതാക്കളുടെ വീട്ടില്‍ എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഫത്തേപൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് മാതാപിതാക്കളുടെ വീട്.
നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സ്ത്രീയുടെ നഗ്‌നശരീരം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. ലോക്കല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പോലീസ് മൃതദേഹം തിരിച്ചറിയുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം.
വീട്ടിലെത്തിയ മരുമകന്റെ അയല്‍ ഗ്രാമത്തിലെ ചന്തക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മകളേയും കൊണ്ട് പോയതെന്ന് യുവതിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. വൈകുന്നേരം മകള്‍ തിരിച്ചെത്താതായപ്പോള്‍ മരുമകന്റെ ബന്ധുവിനെ ബന്ധപ്പെട്ടപ്പോള്‍ ചന്തയില്‍ന്ന് മടങ്ങിയെത്തിയ ശേഷം യുവതിയെ വീടിന് സമീപം ഇറക്കിവിട്ടുവെന്ന മറുപടിയാണ് ലഭിച്ചത്.
ഈ ബന്ധുവിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി അവനുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കേസിന് തുമ്പായെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ച പ്രതികള്‍ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. യുവതിക്ക് പ്രദേശവാസിയായ ഒരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിച്ചിരുന്ന കാര്യം പ്രതികളാണ് വെളിപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് ഭര്‍ത്താവ് ബന്ധുവിനെ ബന്ധപ്പെടുകയും ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തിന് മൂന്ന് ലക്ഷം രൂപയാണ് ഭര്‍ത്താവ് വാഗ്ദാനം ചെയ്തിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുവതിയുടെ ഭര്‍തൃസഹോദരനാണ് തങ്ങളുമായി ബന്ധപ്പെട്ട് കരാര്‍ ഉറപ്പിച്ചതെന്നും പ്രതികള്‍ പറഞ്ഞു. കരാര്‍ ഉറപ്പിച്ചതിനുശേഷം ഒരു ലക്ഷം രൂപ മുന്‍കൂര്‍ തുകയായി നല്‍കി. പദ്ധതിയനുസരിച്ച് ഭര്‍ത്താവിന്റെ ബന്ധു വീട്ടിലെത്തി യുവതിയെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നു. മറ്റ് പ്രതികള്‍ ഇവരെ മോട്ടോര്‍ സൈക്കിളില്‍ പിന്തുടരുകയായിരുന്നു. നിര്‍മാണ സ്ഥലത്ത് എത്തിച്ച യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുഖത്ത് കല്ലുകൊണ്ട് അടിച്ചുവെന്നും പോലീസ് പറഞ്ഞു.