പറ്റ്‌ന- ബിഹാര്‍ മുഖ്യമന്ത്രിയും ജെ. ഡി. യു നേതാവുമായ നിതീഷ് കുമാര്‍ എന്‍. ഡി. എയിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്ന സംശയം ബലപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മന്ത്രിമാരുടെ വകുപ്പുകള്‍ പുനഃക്രമീകരിച്ചതെന്ന അഭ്യൂഹമുണ്ട്. അതോടൊപ്പം മന്ത്രി വിജയ് ചൗധരിക്കൊപ്പം അപ്രതീക്ഷിതമായി ഗവര്‍ണറെ സന്ദര്‍ശിച്ചതോടെ അഭ്യൂഹങ്ങള്‍ സംശയങ്ങളിലേക്ക് വഴിമാറി.
വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണു നിതീഷ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്നു മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജീതന്‍ റാം മാഞ്ചി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നേതാവായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതു മുതല്‍ നിതീഷ് അകലം പാലിക്കുന്നുണ്ട്. ആര്‍. ജെ. ഡി നേതൃത്വവുമായും നിതീഷിന് നല്ല ബന്ധമല്ല ഉള്ളത്. ജെ. ഡി. യു തിരിച്ചെത്തിയാല്‍ എന്‍. ഡി. എയില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനില്‍ സൂചന നല്‍കിയിരുന്നു.
അതിനിടെ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയുമായി നിതീഷ് കുമാര്‍ വേദി പങ്കിടുമെന്ന അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. പുര്‍നിയയിലെ ഭാരത് ജോഡോ ന്യായ് പൊതുയോഗത്തിലാണ് ഇരുവരും വേദി പങ്കിടുകയെന്നാണ് വിവരം.
നിതീഷ് കുമാറിന്റേയും ലാലു പ്രസാദ് യാദവിന്റേയും ഗുരുതുല്യനായ കര്‍പൂരി താകൂറിന് അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികത്തിന്റെ തലേദിവസം ഭാരത രത്‌ന പ്രഖ്യാപിച്ചതിലും കേന്ദ്രം ബിഹാര്‍ രാഷ്ട്രീയത്തില്‍ ചിലതു കാണുന്നുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്.