ന്യൂദൽഹി- താനും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും തമ്മിൽ വളരെ അടുപ്പത്തിലാണെന്നും ഇന്ത്യാ സഖ്യം സംബന്ധിച്ച് ഒരു ആശങ്കയുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച് തൃണമൂലും കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കുന്ന സഹചര്യത്തിൽ രാഹുലിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. സീറ്റ് വിഭജന ചർച്ചയിൽ മമത ബാനർജിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു.
'ചർച്ചയുടെ ഫലങ്ങൾ പുറത്തുവരും. ഞാൻ അതിനെക്കുറിച്ച് പ്രതികരിക്കില്ല. എന്നാൽ മമത ബാനർജി എന്നോടും ഞങ്ങളുടെ പാർട്ടിയോടും വളരെ അടുപ്പമുള്ളയാളാണ്- രാഹുൽ ഗാന്ധി അസമിൽ പറഞ്ഞു. ചില ഘട്ടങ്ങളിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസ് നേതാക്കളും തമ്മിൽ പരസ്പരം വിമർശിക്കുന്നു. അവ സ്വാഭാവികമാണ്. അതേസമയം, കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം തകർക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
അതേസമയം, ഇടതുപക്ഷത്തോട് അനുഭാവമുള്ളവരും ഇടതു-കോൺഗ്രസ് ധാരണ ആഗ്രഹിക്കുന്നവരുമായ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തൃണമൂലുമായി സഖ്യം വേണ്ടെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സഖ്യമുണ്ടെങ്കിൽ മാത്രമേ നേട്ടം കൊയ്യനാകൂവെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.