മലപ്പുറം-സംസ്ഥാനത്ത് കൂട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തലസ്ഥാന ജില്ലയില്‍.സംസ്ഥാന പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്.മലപ്പുറം ജില്ലയാണ് രണ്ടാമത്.ഏറ്റവും കുറവ് കേസുകളുള്ളത് പത്തനംതിട്ട ജില്ലയിലും.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ 552 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം ജില്ലയില്‍ 454 കേസുകളും റജിസ്റ്റര്‍ ചെയ്തു.കൊല്ലം330,പത്തനംതിട്ട166,ആലപ്പുഴ229,കോട്ടയം234,ഇടുക്കി175,എറണാകുളം451,തൃശൂര്‍347,പാലക്കാട്344,കോഴിക്കോട്385,വയനാട്180,കണ്ണൂര്‍229,കാസര്‍കോട്180 എന്നിങ്ങിനെയാണ് മറ്റു ജില്ലകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകള്‍.
സംസ്ഥാനത്ത് മൊത്തം 4274 പോക്‌സോ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.2022 ല്‍ 4518 കേസുകളും എത്തിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്.വീടുകള്‍,വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലൈംഗിക പീഢനത്തെ കുറിച്ചുള്ള പരാതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതലായി ഉയര്‍ന്നിരുന്നു.മയക്കുമരുന്ന് വില്‍പ്പന സംഘങ്ങള്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് പിന്നില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്.