ന്യുദല്‍ഹി- ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് സുരക്ഷയൊരുക്കാന്‍ ചെലവിടുന്ന തുകയുടെ കണക്കുകള്‍ വെളിപ്പെടുത്താനാകില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ശരിവച്ചു. വിവരാവകാശ നിയമത്തിലെ വ്യക്തി വിവരം, സുരക്ഷ എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ കണക്കുകള്‍ കമ്മീഷന്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്. സ്വകാര്യ വ്യക്തികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ഏതാണെന്നും ഇവയുടെ ചെലവുകള്‍ വഹിക്കുന്നത് ആരാണെന്നും പരാതിക്കാരന്‍ ആരാഞ്ഞെങ്കിലും മറുപടി നല്‍കാതെ കമ്മീഷന്‍ ഹര്‍ജി തള്ളി. അമിത് ഷാ രാജ്യസഭാംഗം ആകുന്നതിന് മുമ്പ് 2014 ജൂലൈ അഞ്ചിനാണ് ഈ വിവരങ്ങളാരാഞ്ഞ് ദീപക് ജുനേജ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ സുരക്ഷ നല്‍കുന്ന വ്യക്തികള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണ് ഈ വിവരം തേടിയിരുന്നത്. എന്നാല്‍ വ്യക്തിയെ അപകടപ്പെടുത്തിയേക്കാവുന്നതും വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്നതുമായ വിവരം വെളിപ്പെടുത്തരുതെന്ന വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ഈ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഇതേകാരണം ചൂണ്ടിക്കാട്ടി നേരത്തേയും അപേക്ഷ തള്ളിയിരുന്നു. പിന്നീട് പരാതിക്കാരന്‍ ദല്‍ഹി ഹൈക്കോടതി സമീപിച്ചു. കോടതി കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും നിയമ വകുപ്പുകള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു കേസ് വീണ്ടും കമ്മീഷനു കൈമാറി. ഇതു പ്രകാരം കമ്മീഷന്‍ ഹര്‍ജിക്കാരനായി ജുനേജയുടേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും വാദങ്ങള്‍ വീണ്ടു കേട്ടു.
ഒരു ഭരണഘടനാ പദവിയും വഹിക്കാത്ത അമിത് ഷാക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ എന്ന നിലയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2014ല്‍ സീ പ്ലസ് സുരക്ഷാ സന്നാഹം നല്‍കിയെന്നാണ് പരാതി. ഇതിനുള്ള ചെലവ് പൊതുപണമായതിനാല്‍ കണക്ക് അറിയേണ്ടതുണ്ടെന്നാണ് ജുനേജ ആവശ്യപ്പെട്ടത്. പരാതി നല്‍കുമ്പോള്‍ അമിത് ഷാ രാജ്യസഭാംഗമല്ല. എന്നാല്‍ വലിയ ഭീഷണി നേരിടുന്നവര്‍ക്കാണ് ഉയര്‍ന്ന കാറ്റഗറിയിലുള്ള ഈ സുരക്ഷ നല്‍കുന്നത്. ഭീഷണി നേരിടുന്ന വ്യക്തി ആയതിനാല്‍ വ്യക്തിവിവരം വെളിപ്പെടുത്തുന്നത് ആ വ്യക്തിയെ അപകടപ്പെടുത്തിയേക്കാമെന്നും വിവരാവകാശ് കമ്മീഷണര്‍ യശോവര്‍ധന്‍ ആസാദ് പറഞ്ഞു. സുരക്ഷ നല്‍കുന്നതു സംബന്ധിച്ച നടപടികളെടുക്കുന്നതും ഭീഷണി വിലയിരുത്തുന്നതും കേന്ദ്ര സുരക്ഷാ ഏജന്‍സികളാണെന്നും ഇവയും വിവരാവകാശ നിയമ പരിധിക്കു പുറത്താണെന്നും കമ്മീഷന്‍ വ്യക്തമാക്കി.