പട്‌ന- 2023 ജൂണില്‍ പട്‌നയില്‍ ഇന്ത്യ സഖ്യം രൂപീകരിച്ചതിന് ശേഷം ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുന്നു. പുര്‍നിയയിലെ ഭാരത് ജോഡോ ന്യായ് പൊതുയോഗത്തിലാണ് ഇരുനേതാക്കളും ഒന്നിച്ചെത്തുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിനാല്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പരിപാടിക്കെത്തില്ല. അതേ ദിവസം തന്നെയാണ് അദ്ദേഹത്തിന് ഹാജരാകേണ്ടത്. സംസ്ഥാനത്തെ പ്രധാന ഇടത് സഖ്യകക്ഷിയായ സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യയും പരിപാടിയില്‍ പങ്കെടുക്കും.
ജോഡോ യാത്ര പശ്ചിമ ബംഗാളിലെത്തുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തില്ലെങ്കില്‍, ഇന്ത്യ സഖ്യകക്ഷികള്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാകും ബിഹാറിലേത്. സീറ്റ് പങ്കിടല്‍ ക്രമീകരണം ഉണ്ടാകുന്നതുവരെ യാത്രയില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.
'രാഹുല്‍ ജിയും ഭാരത് ജോഡോ ന്യായ് യാത്രയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളം വളരെയധികം സ്‌നേഹവും വാത്സല്യവും നേടി. ബീഹാറിലെ ജനങ്ങളും അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. എല്ലാ ഇന്ത്യ ബ്ലോക്ക് നേതാക്കളെയും ഞങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്, എല്ലാവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു- ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.
'ഇതൊരു കോണ്‍ഗ്രസ് പരിപാടിയാണെങ്കിലും, ഇത് ഒരു ഇന്ത്യ സഖ്യ പരിപാടിയുടെ ഭാവം നേടിയിട്ടുണ്ട്, അത് പോസിറ്റീവ് ആണ്. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെങ്കിലും സഖ്യത്തില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എല്ലാ പാര്‍ട്ടികളും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ബ്ലോക്കിലെ ഐക്യം കാണിക്കുന്നു- അദ്ദേഹം പറഞ്ഞു.