വാഷിംഗ്ടൺ- ഗാസയിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാനുള്ള കരാറിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് സമ്പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഒരുക്കമാണെന്ന് ഇസ്രായിൽ അറിയിച്ചതായി റിപ്പോർട്ട്. ഖത്തർ, ഈജിപ്ത് മധ്യസ്ഥൻമാരോടാണ് ഇസ്രായിൽ ഇക്കാര്യം പറഞ്ഞതെന്ന് അമേരിക്കയിലെ ന്യൂസ് സൈറ്റ് ആക്‌സിയോസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിന് സന്നദ്ധമാണെന്നും ഇക്കാര്യം ഹമാസിനെ അറിയിക്കണമെന്നുമാണ് ഇസ്രായിൽ അഭ്യർത്ഥ. പേര് വെളിപ്പെടുത്താത്ത ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ, വെടിനിർത്തൽ ഒന്നിലധികം ഘട്ടങ്ങളിലായി നടക്കുമെന്നും പറയുന്നു. ആദ്യത്തേത് സ്ത്രീകളെയും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും ഗുരുതരാവസ്ഥയിലുള്ളവരെയും മോചിപ്പിക്കുമെന്നതാണ്.
അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ
തുടർന്നുള്ള ഘട്ടങ്ങളിൽ വനിതാ സൈനികർ, ചെറുപ്പക്കാരായ സിവിലിയൻ പുരുഷന്മാർ, പുരുഷ സൈനികർ, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ എന്നിവ ഉൾപ്പെടും. ഇസ്രായിലിൽ തടവിൽ കഴിയുന്ന ഫലസ്തീനിയൻ തടവുകാരെ സംബന്ധിച്ച് ഇതിൽ വ്യക്തമാക്കുന്നില്ലെങ്കിലും അവരുടെ മോചനവും ഉറപ്പാണ്. ഗാസയിലെ പ്രധാന നഗരങ്ങളിൽ ഇസ്രായിൽ സൈന്യം അവരുടെ സാന്നിധ്യം കുറയ്ക്കുകയും ക്രമേണ പ്രദേശത്തിന്റെ വടക്ക് ഭാഗത്തേക്ക് മടങ്ങാൻ താമസക്കാരെ അനുവദിക്കുകയും ചെയ്യും. കരാർ നടപ്പിലാക്കാൻ ഏകദേശം രണ്ട് മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ ഖത്തർ തയ്യാറായില്ല. ചർച്ചകൾ നടക്കുകയും ഇരുപക്ഷവും തമ്മിൽ സുസ്ഥിരമായ വെടിനിർത്തൽ ഉണ്ടാകുകയും ചെയ്യുക മാത്രമാണ് സംഘർഷം അവസാനിപ്പിക്കാനുള്ള ഏക വഴിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ വൈറ്റ് ഹൗസിന്റെ കോർഡിനേറ്റർ ബ്രെറ്റ് മക്ഗുർക്ക് ഈജിപ്തിലും ഖത്തറിലും പുതിയ ബന്ദി കൈമാറ്റ ഇടപാട് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി എത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് വെടിനിർത്തൽ സംബന്ധിച്ചുള്ള ഇസ്രായിൽ നിർദ്ദേശം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.