കല്‍പറ്റ-മേപ്പാടിയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണം വൈകാതെ തുടങ്ങുമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ക്കു അംഗീകാരമായതായും 26.58 കോടി രൂപ ചെലവിലാണ് നവീകരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ബിഡിനാണ് അംഗീകാരമായത്. ടെണ്ടര്‍ അപ്രൂവല്‍ കമ്മിറ്റി മിനിറ്റ്‌സ് തയാറാകുന്ന മുറയ്ക്ക് എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് സര്‍വേ ആരംഭിക്കും.
കല്‍പറ്റ ബൈപാസ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു നടപടി തുടങ്ങി. രണ്ട് വരിയില്‍ ഏഴ് മീറ്റര്‍ റോഡും ഒരു മീറ്റര്‍ കോണ്‍ക്രീറ്റ് ഷോള്‍ഡറും അടങ്ങുന്ന വിധത്തിലാണ് പ്രവൃത്തി നടത്തുക. ടെണ്ടര്‍ ഉടനുണ്ടാകുമെന്ന് കെ.ആര്‍.എഫ്.ബി അറിയിച്ചിട്ടുണ്ട്.
മാനന്തവാടി റോഡില്‍ കല്‍പറ്റ മുതല്‍ കമ്പളക്കാട് കെല്‍ട്രോണ്‍ വളവ് വരെയുള്ള ഭാഗം ഒമ്പത് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത് മലയോര ഹൈവേ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു നടപടി പുരോഗതിയിലാണ്. പച്ചിലക്കാട്-കൈനാട്ടി- റോഡ് നവീകരണത്തില്‍ നേരത്തേ ഒഴിവാക്കിയ കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തി പുതിയ ഡി.പി.ആര്‍ സമര്‍പ്പിക്കാന്‍ കെ.ആര്‍.എഫ്.ബിക്ക് കിഫ്ബി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഡിസൈനിംഗ് വിഭാഗമാണ് ഡി.പി.ആര്‍ തയാറാക്കുക. കാപ്പംകൊല്ലി-മേപ്പാടി റോഡ് നിലവിലെ ഒമ്പത് മീറ്റര്‍ വീതിയില്‍ ബി.സിയും ഇന്റര്‍ലോക്കും ചെയ്ത് ഭംഗിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കുള്ള പ്രവൃത്തിയും നടത്തും. ചൂരല്‍മല-അരണപ്പുഴ റോഡില്‍ രണ്ടര കിലോമീറ്റര്‍ മലയോര ഹൈവേ അലൈമെന്റില്‍ ഉള്‍പ്പെടാത്തതിനാല്‍ അട്ടമല വരെ ടാറിംഗിനു നടപടിയായി. കല്‍പറ്റ ബൈപാസ്, കല്‍പറ്റ-കമ്പളക്കാട്-കെല്‍ട്രോണ്‍ വളവ്, ചൂരല്‍മല-അരണപ്പുഴ റോഡ് പ്രവൃത്തികള്‍ക്കു 29.34 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴാണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതിയെന്നും എം.എല്‍.എ പറഞ്ഞു.