Sorry, you need to enable JavaScript to visit this website.

മരണം ഉറപ്പിക്കാൻ കൈകാലുകളിലെ ഞരമ്പുകൾ മുറിച്ചു മാറ്റി; വിഷ്ണുപ്രിയ കൊലക്കേസിന്റെ വിചാരണ പൂർത്തിയായി

തലശ്ശേരി-പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന് ) മുമ്പാകെ പൂർത്തിയായി. കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരിയിലെ ശ്യാംജിത്തിനെ നാളെ കോടതി ചോദ്യം ചെയ്യും. വിഷ്ണുപ്രിയയുടെ മരണം ഉറപ്പിക്കാൻ പ്രതി കൈകാലുകളുടെ ഞരമ്പുകൾ മുറിച്ചെന്ന് പ്രൊസിക്യൂഷൻ അറിയിച്ചു. സംഭവ സമയം വീട്ടിലെ കട്ടിലിൽ ഇരുന്ന് ഫോൺ ചെയ്യുകയായിരുന്ന വിഷ്ണു പ്രിയയെ പ്രതി ഇരുമ്പു ഹാമർ ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. മരണം ഉറപ്പിക്കാനായ് ഇരു കൈത്തണ്ടയിലെയും ഇരുകാലിലെയും ഞരമ്പുകൾ മുറിക്കുകയായിരുന്നെന്നും ഭീകരമായ കൊലപാതകമാണ് നടന്നതെന്നും പ്രൊസിക്യൂഷന് വേണ്ടി ഹാജാരായ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.അജിത്ത്കുമാർ അറിയിച്ചു.
മാറിടത്തിലും വയറ്റിലും ഉൾപ്പെടെ വിഷ്ണുപ്രിയയുടെ ശരീരത്തിൽ മാരകമായ 21 മുറിവുകൾ കണ്ടെത്തിയിരുന്നതായി പോസ്റ്റ്‌മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള മൊഴി നൽകി. പ്രതി കൃത്യം നടത്താൻ വരുമ്പോൾ ഉപയോഗിച്ച വെളുത്ത അപ്പാച്ചി ബൈക്ക് അയൽവാസിയായ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.വോഡാഫോൺ, ജിയോ, എയർടെൽ കമ്പനികളുടെ നോഡൽ ഓഫീസർമാരെയും കോടതി മുമ്പാകെ വിസ്തരിച്ചു. ഇരിട്ടിയിൽ നിന്ന് ഇരു തലമൂർച്ചയുള്ള കത്തി വാങ്ങാൻ പ്രതി ശ്രമം നടത്തിയ കാര്യം സ്ഥിരീകരിക്കാൻ കടയുടമയെ വിസ്തരിച്ചെങ്കിലും സാക്ഷി വിചാരണ വേളയിൽ കൂറുമാറി. വിഷ്ണുപ്രിയയുടെ സുഹൃത്ത് വിപിൻരാജിനെ പ്രതി 11 തവണ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ രേഖകൾ മൊബൈൽ കമ്പനി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി.
കേസിലെ  സുപ്രധാന സാക്ഷിയും കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തുമായ പൊന്നാനി പനമ്പാടിയിലെ വിപിൻരാജിന്റെ മൊഴി കേസിൽ നിർണ്ണായകമായിരുന്നു. കൊലപാതക സമയം പെൺകുട്ടി വീഡിയോ കോൾ വഴി സംസാരിച്ചു കൊണ്ടിരുന്ന സുപ്രധാന സാക്ഷിയാണ് വിപിൻരാജ.് പ്രതിയായ ശ്യാജിത്ത് വീട്ടിലെത്തിയിട്ടുണ്ടെന്ന് വിഷ്ണുപ്രിയ വിപിൻരാജിന് ഫോണിലൂടെ പറയുന്നതിനിടെയാണ് കൊലപാതകം നടന്നത.്  പിന്നീട് കോൾ കിട്ടാതെ വന്നപ്പോൾ വിഷ്ണുപ്രിയക്ക് എന്തോ സംഭവിച്ച് കാണുമെന്ന് വിപിൻരാജ് സുഹൃത്തിനോട് പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെയും വിസ്താരത്തിനിടയിൽ സാക്ഷി കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു.

സെപ്തംബർ   21 മുതലാണ് കേസിന്റെ  വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)ജഡ്ജ് എ.വി മൃദുല മുമ്പാകെ ആരംഭിച്ചത.് കേസ് അന്വേഷണം നടത്തിയ പാനൂർ സി.ഐ എം.പി ആസാദ്, ജഡം പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, വിഷ്ണു പ്രിയയുടെ സഹോരങ്ങൾ ഉൾപ്പെടെ 35 പ്രൊസിക്യൂഷൻ സാക്ഷികളെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചു . കൊല്ലപ്പെട്ട  വിഷ്ണുപ്രിയയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ വിചാരണ കോടതി മുമ്പാകെ തുറന്ന് പരിശോധിക്കാൻ സാധിക്കാതതിനാൽ അവ  സൈബർ സെല്ലിൽ അയച്ച് പരിശോധന നടത്തിയിരുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധം കാരണം പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി  കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻ കേസ്.കൊല നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നിലവിൽ പ്രതി ഒരു വർഷത്തിലേറെയാണ്  ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പാനൂർ വള്ള്യായിയിലെ കണ്ണച്ചൻ കണ്ടി വീട്ടിൽ വിനോദന്റെ മകൾ വിഷ്ണു പ്രിയ (23)ആണ് വീട്ടിലെ കിടപ്പ് മുറിയിൽ കൊല ചെയ്യപ്പെട്ടത്. 2022 ഒക്ടോബർ 22 ന് രാവിലെ  11.47 നാണ്  കൊലപാതകം നടന്നത്.
വിഷ്ണുപ്രിയയുടെ സുഹൃത്തായിരുന്ന കൂത്തുപറമ്പ് മാനന്തേരിയിലെ താഴെ കളത്തിൽ ശശിധരന്റെ മകൻ എ.ശ്യാംജിത്ത് (25) ആണ് കേസിലെ പ്രതി. സംഭവ ദിവസം രാവിലെ വിഷ്ണുപ്രിയയും കുടുംബവും അടുത്തുള്ള ബന്ധുവിന്റെ മരണ വീട്ടിൽ പോയതായിരുന്നു. കുറച്ച് കഴിഞ്ഞ് വിഷ്ണു പ്രിയ മാത്രം തിരികെ സ്വന്തം വീട്ടിലെത്തിയ ശേഷം മറ്റൊരു സുഹൃത്തായിരുന്ന പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോൾ വഴി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിൽ എത്തിയ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.
പാനൂരിൽ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസിസ്റ്റായിജോലി ചെയ്ത് വരികയായിരുന്നു വിഷ്ണുപ്രിയ. ബന്ധുവായ കെ. ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടിൽ എത്തിയപ്പോൾ വീട് തുറന്ന് കിടക്കുന്നതാണ് കണ്ടത്. അകത്ത് കടന്ന് നോക്കിയപ്പോൾ വിഷ്ണുപ്രിയ കട്ടിലിൽ കഴുത്ത് അറത്ത്  ചലനമറ്റ് കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വീട്ടിന് സമീപം വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 

Latest News