ബീജിംഗ് -മരുമകള്‍ക്ക് വിവാഹ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനം നല്‍കാനായി അമ്മായിയച്ഛന്‍ വാങ്ങി വെച്ച ഒരു കോടിയിലധികം രൂപയുടെ മോതിരം ഓടയിലേക്ക് വീണു. ജനലിലൂടെ പുറത്തേക്ക് പിടിച്ച് ഫോട്ടോ എടുക്കുന്നതിനിടയിലാണ് മോതിരം അബദ്ധത്തില്‍ താഴെയുള്ള ഓവുചാലിലേക്ക് വീണത്. ഒമ്പത് നിലകള്‍ക്ക് താഴെയുള്ള കെട്ടിടത്തിന്റെ ഓടയിലേക്കാണ് മോതിരം പതിച്ചത്. തെക്കുകിഴക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ്ങില്‍ ആണ് സംഭവം നടന്നതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോതിരത്തിന്റെ വില ഒരു മില്യണ്‍ യുവാന്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 1,16,38,711രൂപ വിലവരും. മോതിരം ഓടയിലേക്ക് വീണതോടെ ബന്ധുക്കളോട് കാര്യം പറഞ്ഞ അമ്മായിയച്ഛന്‍ ഇത് തിരയാനായി ബന്ധുക്കളെയും കൂട്ടിയിറങ്ങി. എന്നാല്‍ കാര്യമുണ്ടായില്ല. ഒടുവില്‍ തിരച്ചിലിനായി പണം നല്‍കി ഒരു സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഗ്വാങ്ഡോങ്ങിലെ ഫാന്‍ എന്ന തിരച്ചില്‍ സംഘത്തിലെ ആളുകളാണ് മാലിന്യ കൂമ്പാരം നിറഞ്ഞ ഓടയില്‍ നിന്ന് മോതിരം തിരയാനായി ഇറങ്ങിയത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് ആറായിരം രൂപ ഇവര്‍ പ്രതിദിനം ഇതിനായി വാങ്ങിയിരുന്നു. ഒടുവില്‍ ഓടയിലേക്ക് വീണതിന്റെ നാലാം ദിവസം രാവിലെയാണ് മോതിരം കണ്ടു കിട്ടിയത്. മാലിന്യക്കൂമ്പാരങ്ങളുള്ള ഓടയില്‍ നിന്ന് മോതിരം തിരഞ്ഞു കണ്ടെത്തുക എന്നത് തീര്‍ത്തും ദുഷ്‌കരമായ ജോലിയായിരുന്നുവെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ ഗ്വാങ്ഡോങ്ങിലെ ഫാന്‍ എന്ന തിരച്ചില്‍ സംഘത്തിലെ ആളുകള്‍ പറഞ്ഞു.