കാസർകോട് - അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തിടത്ത് പണിത ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനത്തിൽ കാസർകോട് കുട്ലുവിലെ ശ്രീഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് സർക്കാറിന് കൈമാറി.
ഡെപ്യൂട്ടി ഡയറക്ടർ നന്ദികേശനാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കൈമാറിയത്. സ്കൂൾ പി.ടി.എ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മധൂർ ബി.ജെ.പി പ്രസിഡന്റ് എന്നിവർ അഭ്യർത്ഥിച്ചത് പ്രകാരമാണ് സ്കൂളിന് അവധി നല്കിയതെന്ന ഹെഡ്മാസ്റ്ററുടെ വിശദീകരണമാണ് റിപ്പോർട്ടിലുള്ളത്. അവധിക്കു പകരം ഫെബ്രുവരി മൂന്നിന് ക്ലാസ് നടത്തുമെന്ന് അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ, സർക്കാറിന്റെ ഔദ്യോഗിക ഉത്തരവില്ലാതെ അവധി നല്കിയതിന് ഉത്തരവാദപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് സംബന്ധിച്ച് ശിപാർശകളൊന്നും പ്രാഥമിക റിപ്പോർട്ടിൽ ഇല്ലെന്നാണ് വിവരം. ഇന്നലെ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും സർക്കാർ അവധി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കുടുലുവിലെ ഹൈസ്കൂളിന് അവധി നൽകിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്ന് 24 മണിക്കൂറിനകം അന്വേഷിച്ച് റിപോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി ഉത്തരവിടുകയായിരുന്നു.
സ്കൂൾ എച്ച്.എം അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ലെന്നും ചട്ടവിരുദ്ധമായി അവധി നല്കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും ഡി.ഇ.ഒ ദിനേശൻ പ്രതികരിച്ചിരുന്നു. സ്കൂളിന് പ്രാദേശിക അവധി നൽകാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവർത്തിക്കുമെന്നും സ്കൂൾ അധികൃതരും വിശദീകരിച്ചിരുന്നു. എന്തായാലും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഇനി സർക്കാർ തീരുമാനം എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പൊതുസമൂഹം.