കോയമ്പത്തൂര്‍ - നാല് മാസം പ്രായമുള്ള കുഞ്ഞിനെ കോയമ്പത്തൂരില്‍ ബസില്‍ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. മലയാളിയായ അച്ഛന്‍ ആശുപത്രിയില്‍ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. ബസില്‍ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏല്‍പിച്ച് മറ്റൊരു സ്റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പോലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. തന്റെ കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങുകയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. കോയമ്പത്തൂര്‍ സ്റ്റാന്‍ഡിലേക്കെന്ന് പറഞ്ഞ് തിരക്കേറിയ സ്വകാര്യ ബസില്‍ കയറിയ യുവതി മറ്റൊരു സ്ത്രീയോട് കുഞ്ഞിനെ പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കോയമ്പത്തൂരിലെത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ മറ്റൊരു സ്റ്റോപ്പിലിറങ്ങി മുങ്ങിയിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച സ്ത്രീ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിയായ യുവാവും തമിഴ്‌നാട് സ്വദേശിയായ യുവതിയും തമ്മില്‍ പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിരുന്നു. അതിനാല്‍ ഇവര്‍ കോയമ്പത്തൂരില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അതിന് ശേഷമാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ഇക്കാര്യം കുഞ്ഞിന്റെ അച്ഛന്‍ അറിയുകയും പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം ആശുപതിയില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി തൃശൂരിലേക്ക് കൊണ്ടു വരികയാണുണ്ടായത്.