ലണ്ടൻ-യെമനിലെ രാഷ്ട്രീയ പ്രേരിത കൊലപാതകങ്ങൾക്ക് യുഎഇ ധനസഹായം നൽകിയതായി ബിബിസി അന്വേഷണ റിപ്പോർട്ട്. ഗാസയിൽ ഇസ്രായിൽ തുടരുന്ന വംശഹത്യക്കു പിന്നാലെ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി യെമനിലെ ഹൂത്തി വിമതർ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിൽ വന്നതിനു പിന്നെലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
യെമനിലെ യു.എ.ഇ ഉദ്യോഗസ്ഥർക്ക് അമേരിക്കൻ സൈനികർ നൽകുന്ന ഭീകര വിരുദ്ധ പരിശീലനം യെമനികളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചുവെന്നും അത് രാഷ്ട്രീയ കൊലപാതകങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായെന്നുമാണ് ബിബിസി അറബിക് ഇൻവെസ്റ്റിഗേഷൻ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
ദക്ഷിണ യെമനിൽ അൽ ഖായിദ, ഐഎസ് എന്നിവയെ ഉന്മൂലനം ചെയ്യുകയായിരുന്നു അമേരിക്കൻ സൈനികരുടെ ലക്ഷ്യമെങ്കിലും അത് കണക്കിലെടുക്കാതെ മുൻ അൽ ഖായിദക്കാരേയും ഐ.എസുകാരേയും യെമനിൽ സജ്ജമാക്കിയ സുരക്ഷാ സേനയിലേക്ക് യു.എ.ഇറിക്രൂട്ട് ചെയ്യുന്നതായും ബിബിസി കണ്ടെത്തി. ഹൂത്തി വിമത പ്രസ്ഥാനത്തിനും മറ്റ് സായുധ വിഭാഗങ്ങൾക്കുമെതിരെ പോരാടുന്നതിനാണ് യെമനിൽ ഈ സുരക്ഷാ സേനയെ സജ്ജമാക്കിയത്.
അന്വേഷണത്തിലെ ആരോപണങ്ങൾ യുഎഇ ഗവൺമെന്റ് നിഷേധിച്ചതായും തീവ്രവാദവുമായി ബന്ധമില്ലാത്തവരെ കൊലപ്പെടുത്തിയെന്ന ആരോപണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് വർഷത്തിനിടെ 100-ലധികം കൊലപാതകങ്ങൾ നടന്നുവെന്നും ഈ കൊലപാതക പരമ്പര മിഡിൽ ഈസ്റ്റിലെ ഏറ്റവും ദരിദ്ര രാജ്യത്ത് നിരവധി അന്താരാഷ്ട്ര ശക്തികൾ പക്ഷം പിടിച്ചിരിക്കുന്ന ആഭ്യന്തര സംഘട്ടനത്തിന്റെ ഒരു ഘടകം മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ സംഘർഷ അന്തരീക്ഷം അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ സ്ഥിരമായ തിരിച്ചുവരവിനെ നിരുത്സാഹപ്പെടുത്തി. ഇറാൻ പിന്തുണയുള്ള ഹൂത്തികളെ ശക്തിപ്പെടുത്താനും ഇത് പരോക്ഷമായി സഹായിച്ചു. നിലവിൽ കപ്പലുകൾ ആക്രമിച്ചും ചെങ്കടൽ വഴിയുള്ള വ്യാപാരം തടസ്സപ്പെടുത്തിയും ഹൂത്തികൾ വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കയാണ്. ഹൂത്തികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്തകളും വായിക്കുക
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും
ഇന്ത്യ മുന്നണിയില്‍ ഇടതുപക്ഷം വല്യേട്ടന്‍ കളിക്കുന്നു, അതൃപ്തി പ്രകടിപ്പിച്ച് മമത