ഏഴാം വയസ്സില്‍, ലോകത്തിലെ ഏറ്റവും  പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍

ഷിംല- ലോകത്ത് അസാധാരണമായ കഴിവുള്ള ചില കുട്ടികളുണ്ട്, അവരില്‍ ഒരാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അക്രിത് പ്രാണ്‍ ജസ്വാള്‍ . ഏഴാം വയസ്സില്‍ ശസ്ത്രക്രിയ നടത്തി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഈ ബാലനാണ് 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധന്‍'.
10 മാസം പ്രായമുള്ളപ്പോള്‍ തന്നെ നന്നായി നടക്കാനും സംസാരിക്കാനും അക്രിതിന് സാധിച്ചിരുന്നു. രണ്ട് വയസ്സായപ്പോഴേക്കും അവന്‍ എഴുത്തും വായനയും തുടങ്ങി. 5 വയസ്സുള്ളപ്പോള്‍ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ച അക്രിത്, ഏഴാം വയസ്സില്‍ സ്വന്തമായി ഒരു ശസ്ത്രക്രിയ തന്നെ ചെയ്ത് ലോകത്തെ അമ്പരപ്പിച്ചു.
ഹിമാചല്‍ പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയായ അക്രിത് പ്രാണ്‍ ജസ്വാള്‍, പൊള്ളലേറ്റ ഒരു എട്ടുവയസ്സുകാരന്റെ കൈകളിലാണ് ശസ്ത്രക്രിയ നടത്തിയത്. തീര്‍ന്നില്ല 12-ാം വയസ്സില്‍, രാജ്യത്തെ 'ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി' ആയപ്പോള്‍ അവന്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടി. 13-ാം വയസ്സില്‍, തന്റെ പ്രായപരിധിയിലെ ഏറ്റവും ഉയര്‍ന്ന ഐക്യുകളില്‍ ഒന്ന് (146) അദ്ദേഹം സ്വന്തമാക്കി. ഇതിഹാസതാരം ഓപ്ര വിന്‍ഫ്രി അവതാരകയായ ലോകപ്രശസ്ത ടോക്ക് ഷോയില്‍ പങ്കെടുത്ത അക്രിത് ജസ്വാളിന്റെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു.
'മെഡിക്കല്‍ ജീനിയസ്' എന്നറിയപ്പെടുന്ന അക്രിത് ബയോ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത് കാണ്‍പൂര്‍ ഐഐടിയില്‍ നിന്നാണ്. 17-ാം വയസ്സില്‍ അദ്ദേഹം അപ്ലൈഡ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 31കാരനായ ഇദ്ദേഹം ഇന്ന് ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ്.

Latest News