Sorry, you need to enable JavaScript to visit this website.

ആറ്റപ്പൂവിനെ അപമാനിക്കരുത്! ഹമീദ് ഫൈസി അമ്പലക്കടവിന്റെ പേര് വെട്ടിയത് ഹൈദരലി തങ്ങളെന്ന് പ്രചാരണം

Read More

മലപ്പുറം - സമസ്തയിൽ ഇരു ചേരിയിലായി തുടരുന്ന വിഴുപ്പലക്കലിന് കുറവില്ല. മുസ്‌ലിം ലീഗിനെയും പാണക്കാട് കുടംബാംഗങ്ങളെയും എതിർക്കുന്ന ഒരു ചേരിയും അവരെ എതിർക്കുന്ന ലീഗ് അനുകൂല വലിയൊരു വിഭാഗവും സൈബർ പോരാട്ടം തുടരുകയാണ്. എന്നാൽ, അന്ധമായ കക്ഷിത്വമില്ലാതെ സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധങ്ങൾക്ക് പോറലേൽക്കരുതെന്ന് അതിയായി ആഗ്രഹിക്കുന്ന, വിഭാഗീയതകൾക്കു മുഖം കൊടുക്കാത്ത മറ്റൊരു വിഭാഗം ഈ വാഗ്വാദങ്ങളും വിഴുപ്പലക്കലുകളുമെല്ലാം അവസാനിക്കണമെന്ന അതിയായ ആഗ്രഹത്തിലും പ്രാർത്ഥനയിലുമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

സമസ്ത സത്യസരണി ഗ്രൂപ്പായും സൈബർ പോരാളികളായും ഷജറ വിരുദ്ധരായും അങ്ങനെ പലവിധ ബാനറുകളിലൂടെ തങ്ങളുടെ വാദമുഖങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുകയാണിവർ.
 സി.ഐ.സി പ്രശ്‌നത്തിൽനിന്ന് തുടങ്ങി ജാമിഅ നൂരിയ്യ സമ്മേളനവും കേക്ക് വിവാദവും ക്രിസ്മസ് ആഘോഷവും സത്താർ പന്തല്ലൂരിന്റെ കൈവെട്ട് വിവാദവും കഴിഞ്ഞ് ഏറ്റവും ഒടുവിൽ പാണക്കാട് മുഈനലി തങ്ങൾക്കു നേരേയുണ്ടായ വധഭീഷണിയിൽ വരേ പരസ്പരം കൊണ്ടും കൊടുത്തും മുന്നോട്ടു പോകുകയാണ് ഇരുപക്ഷവും. എന്നാൽ, ഇതിലൊന്നും താൽപര്യമില്ലാതെ വിവാദങ്ങൾ കെട്ടടങ്ങണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം സംഘടനയ്ക്ക് അകത്തും പുറത്തുമുണ്ടെങ്കിലും കാര്യങ്ങളെ നിയന്ത്രിക്കാനാവാതെ വരികയാണ്.
 വിവാദ കൈവെട്ട് പ്രസംഗത്തിലും മുഈനലി തങ്ങൾക്കു നേരെയുണ്ടായ വധഭീഷണിയിലുമെല്ലാം സുന്നി നേതാക്കൾ എന്നു പറഞ്ഞ് പുറത്തിറക്കിയ പ്രസ്താവനകളിൽ പോലും ഈ ചേരിതിരിവ് വളരെ പ്രകടമാണ്. പാണക്കാട് കുടുംബത്തിനും ലീഗിനുമെതിരെ രംഗത്തുവരുന്ന ചില സ്ഥിരം കഥാപാത്രങ്ങളല്ലാതെ വിവാദ വിഷയങ്ങളിലെ പ്രസ്താവനകളിൽ പോലും കൂട്ടായി ഒപ്പിടാൻ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. മാതൃസംഘടനയായ സമസ്തയ്ക്കാവട്ടെ ഇവരെയൊന്നും വിളിച്ചുകൂട്ടി പ്രസ്താവനാ യുദ്ധങ്ങളും സമൂഹമാധ്യമങ്ങളിലെ വാറോലകളും വിഴുപ്പലക്കലുകളും അവസാനിപ്പിക്കാനുമാവാത്ത സ്ഥിതിയാണുള്ളത്. 
 സമസ്തയെയും മറ്റും സ്‌നേഹിക്കുന്ന പ്രസ്ഥാന ബന്ധുക്കളാവട്ടെ ഇതിൽ വല്ലാത്ത പ്രയാസത്തിലും നിരാശയിലുമാണെങ്കിലും ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് ഇരു ചേരിയും പുറത്തുവിടുന്നത്. ഏറ്റവും ഒടുവിൽ ചാവാലികളെല്ലാം ഒരുപോലെയെന്ന് ലീഗ് നേതാക്കൾക്കെതിരെ സമസ്ത സത്യസരണി ഗ്രൂപ്പ് പ്രചരിപ്പിച്ചപ്പോൾ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിന്റെ സംഘടനാ (സുന്നി യുവജന സംഘം) നേതൃത്വത്തിലേക്കുള്ള പേര് വെട്ടിയത് അന്തരിച്ച ലീഗ് മുൻ അധ്യക്ഷനും സമസ്ത നേതാവുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങൾ തന്നെയാണെന്ന കുറിപ്പാണ് ഷജറ വിരുദ്ധർ പ്രചരിപ്പിച്ചത്.

 ഷജറ വിരുദ്ധരുടെ പോസ്റ്റിന്റെ പൂർണ രൂപം താഴെ: 

അമ്പലക്കടവിന്റെ പേര് തങ്ങൾ വെട്ടിയതു തന്നെ!
പച്ചക്കള്ളം കൊണ്ട് ഓട്ടയടക്കുന്ന ശജറകളേ.., മഹാനായ ഹൈദരലി തങ്ങളെ (ന: മ) അപമാനിക്കരുത്!
നിങ്ങൾ നുണ പറഞ്ഞോളൂ, അതാണല്ലോ നിങ്ങളുടെ പതിവ്, അതിൽ തന്നെയാണ് നിങ്ങളുടെ നിലനിൽപ്പും.
പക്ഷെ,
ഇവിടെയും നിങ്ങൾക്ക് പിഴച്ചു. പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളൊക്കെ നല്ലതു തന്നെ. എന്നാൽ, എല്ലാം നേർക്കുനേരെ കണ്ട ഇന്നും ജീവിച്ചിരിക്കുന്ന സാക്ഷികളെ നിങ്ങളെന്തു ചെയ്യും?

ഞങ്ങൾ വെല്ലുവിളിക്കുന്നു...
ചർച്ച ചെയ്യപ്പെടുന്ന SYSന്റെ സെക്രട്ടേറിയേറ്റ് യോഗത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന ക്രാന്തദർശിയായ നായകൻ ഒരു പരപ്രേരണയും കൂടാതെത്തന്നെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് എഴുതപ്പെട്ട അമ്പലക്കടവിന്റെ പേര് തന്റെ കയ്യിൽ കരുതിയ പേനകൊണ്ട് വെട്ടിയത്. അതും അമ്പലക്കടവ് ഫൈസിയുടെ മുൻപിൽ വെച്ചുതന്നെ!.
അവിടെക്കൂടിയ ഇന്നും ജീവിച്ചിരിക്കുന്ന സെക്രട്ടേറിയേറ്റ് അംഗങ്ങൾ മുഴുവനും സാക്ഷികളാണ്.

പ്രസിഡന്റ്, വൈസ് പ്രസിഡൻറുമാരുടെ പേരുകൾക്ക് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുക്കം ഉമർ ഫൈസി അമ്പലക്കടവിന്റെ പേര് പൊടുന്നനെ നിർദേശിച്ചപ്പോൾ തങ്ങൾ മൗനിയായതും മുഖം വാടിയതും പിണങ്ങോട് സാഹിബ് അത് എഴുതിയതും ജോയന്റ് സെക്രട്ടറിമാരുടെ പേരുകൾ നിർദ്ദേശിക്കാൻ തുടങ്ങിയപ്പോഴേക്ക് തങ്ങൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പൂമുഖത്ത് കാത്തിരിക്കുന്നവരുടെ അരികിലേക്ക് പോയതും എല്ലാവരും കണ്ടതാണ്.

തങ്ങൾ സ്വാധീനത്തിന് വഴങ്ങിയെന്നോ?
പച്ച നുണ!
ആരെയെങ്കിലും വെളുപ്പിക്കാൻ ആറ്റപ്പൂവിനെ അപമാനിക്കരുത്!

തങ്ങൾ പൂമുഖത്തേക്ക് പോയതിനു ശേഷം ജോയന്റ് സെക്രട്ടറിമാരുടെയും ട്രഷററുടെയും പേരുകളെഴുതി പൂർത്തിയാക്കി തങ്ങളെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ തങ്ങൾ വന്നതുതന്നെ പതിവിനു വിപരീതമായി പൂമുഖത്തെ മേശയിലെ പേന പോക്കറ്റിൽ കരുതിക്കൊണ്ടാണ്. തങ്ങൾ ലിസ്റ്റ് വായിക്കാൻ പറഞ്ഞു: പിണങ്ങോട് സാഹിബ് ലിസ്റ്റു വായിച്ചു തുടങ്ങി.. ജനറൽസെക്രട്ടറി സ്ഥാനത്ത് അമ്പലക്കടവിന്റെ പേര് വായിച്ച ഉടനെ തങ്ങൾ ലിസ്റ്റ് കൈനീട്ടി വാങ്ങി അവിടെയുള്ള ടീ പോയിയുടെ മുകളിൽ ആ പേപ്പർ വെച്ച് തന്റെ പോക്കറ്റിൽ നിന്ന് പേനയെടുത്ത് അമ്പലക്കടവ് ഫൈസിയുടെ പേര് വെട്ടി. സത്യത്തിൽ എല്ലാവരും ഞെട്ടി. എന്നിട്ട് ലിസ്റ്റ് തിരികെ കൊടുത്തിട്ട് അവിടെ മുഹമ്മദ് കോയയുടെ പേരെഴുതൂ എന്ന് പറഞ്ഞു. (ജമലുല്ലൈലി തങ്ങളെയാണ് ഉദ്ദേശിക്കുന്നത് എന്ന് അവിടെ കൂടിയ ആർക്കും അറിയില്ലായിരുന്നു, അതുകൊണ്ടാണ് ഏത് മുഹമ്മദ് കോയ? എന്ന് ചോദിക്കപ്പെട്ടതും കോഴിക്കോട് ഖാസി ജമലുല്ലൈലി എന്ന് തങ്ങൾ മറുപടി പറഞ്ഞതും.)

തങ്ങളോട് ആ യോഗത്തിൽ പങ്കെടുത്ത ആരും തന്നെ റൂമിൽ പോയി 'കുസുകുസു'ത്തതായി അന്നവിടെയുള്ള ആരും കണ്ടിട്ടില്ല. മാത്രവുമല്ല അതിനൊട്ട് സാധിക്കുകയും ചെയ്യാത്തത്ര ആൾത്തിരക്കിനിടയിലായിരുന്നു തങ്ങളുണ്ടായിരുന്നത്.
മഹാനായ തങ്ങൾ അത്തരം കാര്യങ്ങൾക്ക് ചെവികൊടുക്കുന്നയാളുമല്ല. ചുളുവിൽ ആറ്റപ്പൂവിനെ കൊച്ചാക്കാനും അപമാനിക്കാനുമുള്ള ശ്രമം കയ്യിൽ വെച്ചേക്കുക.

കഴിഞ്ഞില്ല...
ജന.സെക്രട്ടറി സ്ഥാനത്തേക്ക് ജമലുല്ലൈലി തങ്ങളുടെ പേരെഴുതിക്കഴിഞ്ഞ ഉടനെ എന്നാൽ ഹമീദ് ഫൈസി വർക്കിംഗ് സെക്രട്ടറിയാകട്ടെ എന്നു ഉമർ ഫൈസി പറഞ്ഞു, തങ്ങൾ മൗനം പാലിച്ചു, പേര് എഴുതപ്പെട്ടു. എന്നാൽ ട്രഷറർ വരെ വായിച്ചതിനു ശേഷം എന്നാൽ പിരിയുകയല്ലേ എന്ന് ചോദിച്ചപ്പോൾ ഹമീദ് ഫൈസി നന്ദി പറയട്ടെ എന്ന് മുക്കം ഫൈസി വീണ്ടും ഇടപെട്ടു പറഞ്ഞു. തങ്ങൾ അപ്പോഴും മിണ്ടിയില്ല. ആ സമയം 'ആറ്റാക്ക പറയുകയാണെങ്കിൽ ഞാൻ നന്ദി പറയാം' എന്ന് ഹമീദ് ഫൈസി' വിനയത്തോടെ പറഞ്ഞു.

അപ്പോൾ
'വേണ്ട, പിണങ്ങോട് പറയട്ടെ'
എന്നാണ് തങ്ങൾ പറഞ്ഞത്.
'ഞാൻ സെക്രട്ടറിയാകുന്നില്ല' എന്ന് ഹമീദ് ഫൈസി പറഞ്ഞു എന്നാണ് ശജറ ഫാക്ടറിയുടെ മറ്റൊരു നുണ. ഞാൻ സെക്രട്ടറിയാകുന്നില്ല എന്ന് അമ്പലക്കടവ് പറഞ്ഞിട്ടേ ഇല്ല എന്നു മാത്രവുമല്ല അങ്ങനെ അയാൾ പറയുകയേ ഇല്ല
എന്നതല്ലേ സത്യം.
(വെളുപ്പിക്കാൻ വേണ്ടി എഴുതിയതാണെങ്കിലും ശജറകളെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങൾ എഴുതേണ്ടേ?)
ഈ പറഞ്ഞ മുഴുവൻ കാര്യങ്ങൾക്കും ആ യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും സാക്ഷികളാണ്.

തീർന്നില്ല?
പിന്നീട് എന്തു സംഭവിച്ചു?
ഞങ്ങൾ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചു.
ആ വിവരങ്ങൾ...

കൗൺസിൽ യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ബഹു. PKP ഉസ്താദ്
ഭാരവാഹി ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ വർക്കിംഗ് സെക്രട്ടറിയുടെ പേര് വായിച്ചപ്പോൾ അമ്പലക്കടവ് ഫൈസിയുടെ പേര് വായിച്ചില്ല. സെക്രട്ടേറിയേറ്റിൽ തയ്യാറാക്കിയതിന് വിരുദ്ധമായി പിണങ്ങോട് അബൂബക്കർ സാഹിബിന്റെ പേരാണ് വായിച്ചത്. ലിസ്റ്റ് പൂർത്തിയപ്പോൾ അമ്പലക്കടവിന്റെ പേര് എവിടെയുമില്ല. സദസ്സിൽ നിന്നാരും ഒന്നും പറഞ്ഞതുമില്ല.(സദസ്സിൽ നിന്ന് ചോദ്യമുയർന്നു എന്നത് കള്ളമാണ്.)
 ഈ സമയം അബ്ദുസ്സമദ് പൂക്കോട്ടൂർ സാഹിബ് വേദിയുടെ പിന്നിലൂടെ PKP ഉസ്താദിന്റെ അടുത്തെത്തി ഹമീദ് ഫൈസിയുടെ പേരില്ലല്ലോ എന്ന് ചോദിച്ചു. (ഇക്കാര്യം യോഗത്തിൽ പങ്കെടുത്ത പലരും ഞങ്ങളോട് പറഞ്ഞു.)
അപ്പോൾ ഉസ്താദ് ലിസ്റ്റ് നോക്കിയിട്ട് പറഞ്ഞു. ഉണ്ട്, രണ്ട് വർക്കിംഗ് സെക്രട്ടറിമാരുണ്ട്. രണ്ടാമത്തേയാൾ ഹമീദ് ഫൈസിയാണ് എന്ന്.
ഇതാണ് സത്യം. ഇതിന് കൗൺസിലിൽ പങ്കെടുത്തവരെല്ലാം സാക്ഷികളാണ്.

കഴിഞ്ഞില്ല?
റഹ്മാൻ ഫൈസി, പുത്തനഴി ഉസ്താദ് മരിച്ചുപോയ മമ്മദ് ഫൈസി എന്നിവരെ ചേർത്ത് കഥയുണ്ടാക്കി, കിട്ടിയ ചാൻസിൽ പുത്തനഴി ഉസ്താദിനെ പഴിക്കാനും തെറി പറയാനും കൃത്യമായി സമയം കണ്ടെത്തിയിട്ടുണ്ട് ശജറ വിഷങ്ങൾ.
എന്നാൽ ഭാരവാഹിയാകാൻ പുത്തനഴി ഉസ്താദോ ആക്കാൻ മറ്റുള്ളവരോ ശ്രമിച്ചിട്ടേ ഇല്ല എന്നതാണ് പരമാർത്ഥം. മാത്രവുമല്ല, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പിണങ്ങോട് അബൂബക്കർ സാഹിബ് വരട്ടെ എന്നതായിരുന്നു ബഹുമാനപ്പെട്ട ആറ്റപ്പൂ തങ്ങളുടെയും പുത്തനഴി ഉസ്താദ് അടക്കമുള്ളവരുടെയും താൽപ്പര്യം.

പിന്നെ എന്തുകൊണ്ട് ജമലുല്ലൈലി തങ്ങൾ?
യോഗ്യനല്ലാത്ത ആളുടെ പേര് ആ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടപ്പോൾ തങ്ങൾ ആ പേര് വെട്ടുകയും യോഗ്യതയുള്ളവ നിർദ്ദേശിക്കുകയും ചെയ്തു.
മാത്രവുമല്ല, 
പിന്നീട് വീണ്ടും ഇടപെട്ട് ഒന്നാം വർക്കിംഗ് സെക്രട്ടറിയായി പിണങ്ങോടിനെ നിശ്ചയിക്കുകയും ചെയ്തു.

ഇതാണ് യാഥാർത്ഥ്യങ്ങൾ. വേണ്ടി വന്നാൽ സാക്ഷികൾ കാര്യങ്ങൾ പറഞ്ഞു തുടങ്ങും. അപ്പോൾ കൂടുതൽ നാറും.
വീണ്ടും നാണം കെടും. വീണ്ടും വീണ്ടും മുഖം കെടും...
നുണകളും കുത്സിതങ്ങളുമൊക്കെ ഒഴിവാക്കി നേരെ നിന്നാൽ നിങ്ങൾക്ക് നന്ന്!
ഓർക്കുക! കാര്യങ്ങളെല്ലാവർക്കും പിടികിട്ടിയിട്ടുണ്ട്.
നേരം പേലെയാണെങ്കിൽ നന്ന്..
അല്ലാഹു സൽബദ്ധി നൽകട്ടെ ആമീൻ
    Team V, Third Eye

Latest News