Sorry, you need to enable JavaScript to visit this website.

ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തീകരിക്കും -മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരൂരങ്ങാടി- ദേശീയപാത 66 സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വമന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവർഷം പുതുവത്സര സമ്മാനമായി മലപ്പുറം ജില്ലയ്ക്ക് പുതിയ ദേശീയപാത തുറന്നു കൊടുക്കാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രവൃത്തി പൂർത്തിയാക്കുന്ന മുറയ്ക്ക് ഓരോ സ്‌ട്രെച്ചും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് തൊണ്ടയാട് ഫ്‌ളൈ ഓവർ സന്ദർശനത്തിന് ശേഷമാണ് മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും എത്തിയത്. സിനിമാ താരം ജഗതി ശ്രീകുമാറിന്റെ അപകടം ഓർത്തെടുത്താണ് പാണമ്പ്രയിൽ മന്ത്രി സംസാരിച്ച് തുടങ്ങിയത്. പാണമ്പ്ര, വട്ടപ്പാറ തുടങ്ങിയ അപകട മേഖലകളെയും വളാഞ്ചേരി ഉൾപ്പെടെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന സ്ഥലങ്ങളെയും ഒഴിവാക്കിയുള്ള പുതിയ ദേശീയപാത സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളിലൂടെ 45 മീറ്റർ വീതിയിൽ ആറുവരി പാതയായി കടന്നുപോകുന്ന ദേശീയപാതയുടെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ടവരുമായി യോഗങ്ങൾ ചേരുന്നുണ്ട്. ദേശീയപാതാ അതോറിറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും ഉന്നയിച്ചിട്ടുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്. മലപ്പുറം ജില്ലയിൽ 203.68 ഹെക്ടർ ഭൂമി ആവശ്യമായതിൽ 203.41 ഹെക്ടറും ഏറ്റെടുത്ത് കഴിഞ്ഞു. 99.87 ശതമാനവും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനായി ജില്ലയിൽ 878 കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവ്, കൂരിയാട് ജങ്ഷൻ, പാലച്ചിറമാട് വളവ്, വട്ടപ്പാറ വളവ്,  കുറ്റിപ്പുറം പാലം, ചമ്രവട്ടം ജങ്ഷൻ എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും സന്ദർശനം നടത്തിയത്. എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.കെ.ടി.ജലീൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കലക്ടർ വി.ആർ വിനോദ്, സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ, റീജണൽ ഓഫീസർ ബി.എൽ മീണ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും  മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Latest News