ആലപ്പുഴ- പൊതുരംഗങ്ങളിൽ നിൽക്കുന്നവർ മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിയ്ക്കണമെന്ന് എം.പി അബ്ദുസമദ് സമദാനി എംപി പറഞ്ഞു. പൊതുപ്രവർത്തകർക്ക് വേണ്ടത് മനുഷ്യത്വമാണെന്നും മനുഷ്യത്വമില്ലാത്തവർ ഭരണതലപ്പത്ത് വന്നാൽ എല്ലാ രംഗങ്ങളിലും മാനുഷിക മൂല്യം നഷ്ടപെടുമെന്നും സമദാനി പറഞ്ഞു. മികച്ച പൊതുപ്രവർത്തകനുള്ള ഭാരതരത്‌ന മദർതെരേസ അവാർഡ് മെഡൽ നേടിയ അഡ്വ. അനിൽ ബോസിന് ആലപ്പുഴ പൗരാവലിയും കുട്ടനാട് സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാന. കലയിലും സാഹിത്യത്തിലും പൊതു രംഗത്തു പോലും മനുഷ്യത്വം അകന്ന് കൊണ്ടിരിയ്ക്കുന്നു. രാഷ്ട്രീയ കക്ഷികളിൽ പോലും മനുഷ്യത്വം ഇല്ലാതാകുകയാണ്. ഇവിടെയാണ് മനുഷ്യത്വത്തിലൂന്നിയ പ്രകാശരേഖയായി അനിൽ ബോസിനെ നാം നോക്കി കാണേണ്ടതെന്നും സമദാനി പറഞ്ഞു. ഒരാളുടെ നന്മ അയാൾ ജീവിച്ചിരിക്കുമ്പോൾ പറയാത്ത കാലമാണിത്. മനുഷ്യരുടെ നന്മ അയാളുടെ ജീവിത കാലത്ത് തന്നെ പറയുകയാണ് വേണ്ടത്. മനുഷ്യ സ്‌നേഹമാണ് വലുതെന്ന് വിളിച്ച് പറയാനുള്ള സംസ്‌കാരത്തിൽ ഇപ്പോഴും പലരും എത്തിയിട്ടില്ലെന്നും സമദാനി പറഞ്ഞു. ആത്മഹത്യ പോലും ഇല്ലാതാക്കുവാൻ മനുഷ്യ സ്‌നേഹത്തിന് കഴിവുണ്ട്. ഇന്ത്യയുടെ ചരിത്രങ്ങളെ മായ്ച്ച് കളയുവാൻ ആര് ശ്രമിച്ചാലും അത് മായ്ക്കുവാൻ സാധിക്കില്ലെന്നും സമദാനി പറഞ്ഞു. പാരമ്പര്യങ്ങൾ എന്നത് ചോർന്ന് ഒലിഞ്ഞ് ഇല്ലാതാവില്ല. കുട്ടനാട്ടിലെ കാൻസർ രോഗികൾക്ക് സാന്ത്വനം കൊടുത്ത മനുഷ്യ സ്‌നേഹിയാണ് അഡ്വ അനിൽ ബോസ് എന്ന് അബ്ദുസ്സമദ് സമദാനി ഓർമപെടുത്തി. പൊതു വേദികളിൽ ഒരിടം കണ്ടെത്തി മൂല്യങ്ങൾ ഉയർത്തി പിടിച്ച് നിൽക്കുവാൻ അനിൽ ബോസിന് സാധിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും എം പി അബ്ദുസമദ് സമദാനി എം പി പറഞ്ഞു. സ്വീകരണ കമ്മറ്റി സ്വാഗത സംഘം ചെയർമാൻ ഫാദർ. റെക്‌സ് ജോസഫ് അധ്യക്ഷത വഹിച്ചു. അബ്ദുസമദ് സമദാനി അനിൽ ബോസിന് ഉപഹാര സമർപ്പണം നടത്തി. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ച് പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ് അനിൽ ബോസെന്ന് സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു. പി.പി ചിത്തരജ്ഞൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എസ് മുരുകൻ, സൈനുലാബ്ദീൻ താഹ എന്നിവർ സംസാരിച്ചു. അഡ്വ. അനിൽ ബോസ് സ്വീകരണത്തിന് നന്ദി പറഞ്ഞു.