Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും വലിയ ടവർ ജിദ്ദയിൽ; ടെണ്ടറുകൾ സമർപ്പിക്കേണ്ട  അവസാന ദിവസം അറിയാം

ജിദ്ദ - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്നോണം രൂപകൽപന ചെയ്ത് നിർമാണം ആരംഭിച്ച ജിദ്ദ ടവറിന്റെ നിർമാണ ജോലികൾ പൂർത്തിയാക്കാനുള്ള കരാറിനുള്ള ടെണ്ടറുകൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 29 ആണെന്ന് ജിദ്ദ ഇക്കണോമിക് കമ്പനി അറിയിച്ചു. ആയിരത്തിലേറെ മീറ്റർ ഉയരത്തിലാണ് ജിദ്ദ ടവർ നിർമിക്കുന്നത്. പദ്ധതി പൂർത്തീകരണ കരാർ നേടിയെടുക്കാൻ നിരവധി സൗദി, അന്താരാഷ്ട്ര കമ്പനികൾ ശ്രമിക്കുന്നുണ്ട്. പാതിവഴിയിൽ നിർമാണം നിർത്തിവെച്ച ജിദ്ദ ടവറിന്റെ നിർമാണം അടുത്ത കാലത്ത് പുനരാരംഭിച്ചിരുന്നു. സൗദി കമ്പനികളും വിദേശ കമ്പനികളും അടങ്ങിയ കൺസോർഷ്യങ്ങൾ പദ്ധതിക്ക് ടെണ്ടറുകൾ സമർപ്പിക്കുമെന്നാണ് കരുതുന്നത്. 
ഉത്തര ജിദ്ദയിൽ ആദ്യ ഘട്ടം ഒന്നര കിലോമീറ്റർ വിസ്തൃതിയിൽ പൂർത്തിയാക്കുന്ന ജിദ്ദ ഇക്കണോമിക് സിറ്റി പദ്ധതിയുടെ ഹൃദയഭാഗത്താണ് ഒരു കിലോമീറ്ററിലേറെ ഉയരുമുള്ള ജിദ്ദ ടവർ നിർമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയെക്കാൾ 172 മീറ്ററിലേറെ ഉയരമുണ്ടാകും ജിദ്ദ ടവറിന്. ലോകത്തെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ കേന്ദ്രവും ഈ ടവറിന്റെ സവിശേഷതയാണ്. ഭൂനിരപ്പിൽ നിന്ന് 664 മീറ്റർ ഉയരത്തിലാണ് നിരീക്ഷണ കേന്ദ്രമുണ്ടാവുക. നിരവധി ലക്ഷ്വറി റെസ്റ്റോറന്റുകളും ഓഫീസുകളും ഹോട്ടലുകളും ജിദ്ദ ടവറിലുണ്ടാകും. 


പ്രമുഖ സൗദി വ്യവസായി അൽവലീദ് ബിൻ ത്വലാൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോൾഡിംഗ് കമ്പനി രൂപകൽപന ചെയ്ത ജിദ്ദ ഇക്കണോമിക് സിറ്റി നേരത്തെ കിംഗ്ഡം സിറ്റി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റു പങ്കാളികളെ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരണത്തിന് ജിദ്ദ ഇക്കണോമിക് കമ്പനി എന്ന പേരിൽ പിന്നീട് പുതിയ കമ്പനി സ്ഥാപിക്കുകയായിരുന്നു. ജിദ്ദ ഇക്കണോമിക് കമ്പനിയിൽ കിംഗ്ഡം ഹോൾഡിംഗ് കമ്പനിക്ക് 40 ശതമാനവും ബഖ്ഷ് ഗ്രൂപ്പിന് 40 ശതമാനവും ശർബത്‌ലി ഗ്രൂപ്പിന് 20 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. 
രണ്ടായിരം കോടി ഡോളർ (7,500 കോടി റിയാൽ) ചെലവഴിച്ചാണ് ജിദ്ദ ഇക്കണോമിക് സിറ്റി നടപ്പാക്കുന്നത്. 2013 ൽ ആരംഭിച്ച ജിദ്ദ ടവറിന്റെ നിർമാണം 2030 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മാർച്ചിൽ ടവർ നിർമാണം 50 നിലയിലെത്തിയിരുന്നു.
 

Tags

Latest News