മലപ്പുറം- സഹോദരന്റെ ഒൻപതു വയസുള്ള മകനെ പുഴയിലെറിഞ്ഞുകൊലപ്പെടുത്തും മുമ്പ് സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും വാങ്ങിക്കൊടുക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ. എടയാറ്റൂരിൽനിന്ന് കാണാതായ ഒൻപതുവയസുകാരൻ ഷഹീനെ കൊലപ്പെടുത്തുന്നതിന് മുമ്പാണ് പിതൃസഹോദരൻ കുട്ടിയെയുമായി കറങ്ങിയത്. എടയാറ്റൂർ മങ്ങരത്തൊടി അബ്ദുൽ സലാം-ഹസീന ദമ്പതികളുടെ മകനായ ഷഹീനെയാണ് പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദ് കൊലപ്പെടുത്തിയത്. ഷഹീന് ഇഷ്്ടമില്ലാതിരുന്നിട്ടും തമിഴ് സിനിമ കാണിക്കുകയും പിന്നീട് ബിരിയാണിയും ഐസ്ക്രീമും വാങ്ങിക്കൊടുക്കുകയും ചെയ്തു. എടയാറ്റൂരിലെ സ്കൂളിൽനിന്ന് കുട്ടിയെ നേരെ കൂട്ടിക്കൊണ്ടുവന്നത് വളാഞ്ചേരിയിലെ സിനിമാ തിയറ്ററിലേക്കായിരുന്നു. സിനിമ കണ്ടതിന് ശേഷമാണ് തിരൂരിലേക്ക് കൊണ്ടുവന്ന് പുതിയ ഷർട്ട് വാങ്ങിച്ചുകൊടുത്തത്. ഈ ഷർട്ട് അവിടെവെച്ച് തന്നെ അണിയിപ്പിക്കുകയും ചെയ്തു. തന്റെ ഹെൽമറ്റ് കുട്ടിയുടെ തലയിൽ വെച്ചാണ് ഇയാൾ പിന്നീട് ഏറെദൂരം യാത്ര ചെയ്തത്. പിന്നീട് മലപ്പുറം ആനക്കയം പാലത്തിലെത്തിച്ച് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് വരെ ഇയാൾ നോക്കിനിൽക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവിന്റെ കൈവശം മൂന്നുകിലോ സ്വർണമുണ്ടെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ബന്ദിയാക്കി വിലപേശാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം വന്നതോടെ പ്രതി അസ്വസ്ഥനായി. താൻ പിടിക്കപ്പെടുമെന്ന് കരുതിയ പ്രതി കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 13നാണ് കുട്ടിയെ കാണാതായത്. സ്കൂളിലേക്കു പോയ കുട്ടി പിന്നീട് തിരിച്ചു വന്നിരുന്നില്ല. മുഹമ്മദ് ഷഹീന്റെ സ്കൂൾ ബാഗും യൂണിഫോമും 16 കിലോമീറ്റർ അകലെ പള്ളിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് പ്രതിയെ പിടികൂയത്. സംഭവത്തിൽ പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തുണ്ടായിരുന്നു. ഈ സമരത്തിലും പ്രതി മുൻപന്തിയിലുണ്ടായിരുന്നു.
മഹാപ്രളയം ദൈവത്തിന്റെ ശിക്ഷ തന്നെ- കാന്തപുരം
എടയാറ്റൂർ ഡി.എൻ.എം എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ ഷഹീൻ സ്കൂളിലേക്ക് വരുമ്പോൾ എടയാറ്റൂർ പോസ്റ്റോഫീസ് പരിസരത്ത് നിന്ന് രാവിലെ പത്ത് മണിക്കാണ് കാണാതായത്. കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടെന്ന വിവരത്തെ തുടർന്ന് പോലീസും ഫയർ ഫോഴ്്സും ചേർന്ന് കടലുണ്ടിപ്പുഴയിൽ തിരച്ചിൽ തുടരുകയാണ്.