തിരുവനന്തപുരം- മതേതരത്വമാണ് നമ്മുടെ രാജ്യത്തിന്റെ ആത്മാവെന്നും ഒരു രാജ്യം എന്ന നിലക്ക് രാജ്യത്തിന്റെ ഐഡന്റിറ്റിയാണ് മതേതരത്വമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനം ആരംഭിച്ച ഘട്ടം മുതൽ ഈ രീതിയിലാണ് രാജ്യം സഞ്ചരിക്കുന്നത്. രാജ്യത്തെ ഏതൊരു പൗരനും സ്വന്തം മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും അധികാരം നൽകുന്നതാണ് നമ്മുടെ ഭരണഘടന. ഏതെങ്കിലും മതത്തിന് പ്രത്യേക അധികാരമോ അവകാശമോ ഇല്ല. എല്ലാവർക്കും തുല്യാവകാശമില്ല. ഏതെങ്കിലും മതം മറ്റേതെങ്കിലും മതത്തിന് മുകളിലോ താഴെയോ അല്ല. നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞത് രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിർത്തണമെന്നാണ്. എന്നാൽ അയോധ്യയിലെ മതചടങ്ങ് രാജ്യത്തിന്റെ പൊതുചടങ്ങായി മാറ്റാനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിച്ചത്. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു.