അയോധ്യ - രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ചടങ്ങുകള്‍ക്ക് ശേഷം മോഡി അതിഥികളെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വന്‍ താര നിര അയോധ്യയിലെത്തിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ സംഗീത - സിനിമാ - കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്‌കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. ബോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ വലിയ നിരയാണുള്ളത്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, കത്രീന കൈഫ്, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം കായിക മേഖലയില്‍ നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ എത്തിയിരുന്നു.
കനത്ത സുരക്ഷയിലാണ് ശ്രീരാമ ക്ഷേത്രം ഉള്‍പ്പെടുന്ന അയോധ്യ നഗരം. വിവിധ ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്കാണ് നഗരത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം. 10715 എഐ ക്യാമറകള്‍, ആന്റി മൈന്‍ ഡ്രോണുകള്‍ തുടങ്ങിയവയാണ് പ്രധാനമായും സുരക്ഷാ ക്രമീകരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ്, എന്‍എസ്ജി, എസ്എസ്എഫ് കമാന്‍ഡോ സൈന്യത്തെയും വിന്യസിച്ചു. വിവിധതല സുരക്ഷാ ക്രമീകരണമാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെത്തുന്ന ഓരോരുത്തരെയും എഐ ക്യാമറകള്‍ നിരീക്ഷിക്കും. ഓരോ വ്യക്തിയുടെയും മുഖം നിരീക്ഷിക്കാന്‍ എഐ ക്യാമറയ്ക്ക് കഴിയും. ആന്റി മൈന്‍ ഡ്രോണുകളുടെ വിന്യാസമാണ് മറ്റൊന്ന്. ഭൂമിക്കടിയിലെ മൈനുകളും സ്ഫോടക വസ്തുക്കളും കണ്ടെത്താന്‍ ശേഷിയുള്ളതാണിത്. സിആര്‍പിഎഫിനാണ് ശ്രീകോവില്‍ ഉള്‍പ്പടെയുള്ള ശ്രീരാമ ക്ഷേത്രത്തിന്റെ സമ്പൂര്‍ണ്ണ സുരക്ഷാ ചുമതല. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനാണ് ലതാ മങ്കേഷ്‌കര്‍ ചൗക്കിന്റെ സുരക്ഷാ ചുമതല. അടിയന്തര സാഹചര്യം നേരിടാനുള്ള എന്‍ ഡി ആര്‍ എഫ് സേനയെയും വിന്യസിച്ചിട്ടുണ്ട്.