റിയാദ്- സൗദിയില്‍ മുസ്ലിമേതര രാജ്യങ്ങളിടെ എംബസികള്‍ക്ക് പാനീയങ്ങളും മറ്റു ചില പ്രത്യേക ചരക്കുകളും ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറക്കുമതിക്കുള്ള അനുമതി വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നത് കൊണ്ടാണ് നിയന്ത്രണം വരുത്തുന്നത്. ഇന്ന് (ജനുവരി 22) മുതല്‍ ഇത് പ്രാബല്യത്തിലാകും.
നയതന്ത്ര ബാഗേജ് പരിരക്ഷയുടെ ഭാഗമായാണ് 1961 ലെ നയതന്ത്ര ബന്ധത്തെ കുറിച്ചുള്ള വിയന്ന കണ്വെന്ഷന് തീരുമാനപ്രകാരം പ്രത്യേക പാനീയങ്ങളും മറ്റും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. ചൂഷണത്തിന് വിധേയമാകാത്ത നിയന്ത്രിത അളവിലും എണ്ണത്തിലും അവ കൊണ്ടുവരാന്‍ ഇതുവഴി സാധിച്ചിരുന്നു. എന്നാല്‍ ഇത് വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം എല്ലാ നയതന്ത്ര കാര്യാലയങ്ങളെയും അറിയിക്കും.
1961ല്‍ നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനില്‍ സൗദി അറേബ്യ ഒപ്പുവെച്ചതു മുതല്‍ പ്രാബല്യത്തില്‍ വന്ന വ്യവസ്ഥയുടെ തിരുത്തലാണ് പുതിയ തീരുമാനം. അമുസ്ലിം രാജ്യങ്ങളുടെ എംബസികളിലെ നയതന്ത്രജ്ഞര്‍ക്ക് പ്രത്യേക ക്വാട്ടകള്‍ നിശ്ചയിച്ച് നിയന്ത്രിത അളവിലുള്ള പ്രത്യേക ചരക്കുകളും പാനീയങ്ങളും നിയമവിരുദ്ധമായ ചൂഷണത്തിന് വിധേയമാകാത്ത വിധത്തില്‍, കര്‍ശന നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ തീരുമാനം.