ഭുവനേശ്വര്‍- ഇന്ന് ജനുവരി 22- 1992 ഡിസംബര്‍ ആറില്‍ നിന്ന് 2024 ജനുവരി 22ലേക്ക് 32 വര്‍ഷം ദൂരമുണ്ട്. ഇതിനിടയില്‍ 1999 ജനുവരിയിലൊരു 22 ഉണ്ടായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ കറുത്ത അക്ഷരങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുന്ന ദിനം.
ഓസ്‌ട്രേലിയന്‍ മിഷിനറി ഗ്രഹാം സ്‌റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കള്‍ ഫിലിപ്പിനേയും തിമോത്തിയേയും ഹിന്ദുത്വ തീവ്രവാദികള്‍ ചുട്ടുകൊന്ന ദിവസം. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ വിദൂരഗ്രാമമായ മനോഹര്‍പൂരിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു തീവ്രവാദികള്‍ ചുട്ടുകൊന്നത്.
ഇന്ന് ജനുവരി 22- ഗ്രഹാം സ്റ്റെയിന്‍സിനേയും ഫിലിപ്പിനേയും തിമോത്തിയേയും ചുട്ടുകൊന്നിട്ട് ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. മനോഹര്‍പൂരിലെ ജംഗിള്‍ ക്യാമ്പില്‍ പങ്കെടുത്തതിന് ശേഷം വാനിനുള്ളില്‍ ഉറങ്ങവെയാണ് സ്റ്റെയിന്‍സും മക്കളും ആക്രമിക്കപ്പെട്ടത്.
സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന സംഭവം തങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ജനുവരി 22 ധ്യാനദിനമായി ആചരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് മനോഹര്‍പുറിലെ ക്രിസ്ത്യന്‍ സമൂഹം പറഞ്ഞത്. തന്റെ ജീവിതകാലത്ത് സ്റ്റെയിന്‍സ് പ്രചരിപ്പിച്ച മാനവികതയുടെ തത്ത്വചിന്ത മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ പറയുന്നു.
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മനോഹര്‍പൂര്‍ ഗ്രാമം. ഇവിടെ 260-ഓളം കുടുംബങ്ങളാണുള്ളത്. ഇതില്‍ 45 കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു. ജനുവരി 23ന് അര്‍ധരാത്രിക്കു ശേഷമാണ് സ്റ്റെയിന്‍സിനേയും മക്കളേയും ഹിന്ദു തീവ്രവാദികള്‍ ചുട്ടുകൊന്നത്. ജനുവരി 23നാണ് സംഭവമെങ്കിലും രാത്രി സമയമായതിനാല്‍ എല്ലാ വര്‍ഷവും ജനുവരി 22നാണ് മനോഹര്‍പൂരില്‍ സ്റ്റെയിന്‍സിന്റേയും മക്കളുടേയും കൊലപാതക വാര്‍ഷികം ആചരിക്കുന്നത്.
എല്ലാ വര്‍ഷമവും ജനുവരി 23ന് മയൂര്‍ഭഞ്ച് ജില്ലയുടെ ആസ്ഥാനമായ ബരിപാഡയില്‍ അനുസ്മരണ ശുശ്രൂഷ നടക്കാറുണ്ട്. അവിടെ സ്റ്റെയിന്‍സ് കുഷ്ഠരോഗികളെ സേവിക്കാറുണ്ടായിരുന്നു.
സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ മനോഹര്‍പൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനും സ്റ്റെയിന്‍സിനെ ഓര്‍ക്കാനും എത്തിച്ചേരും. വലിയ നഗരങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ വര്‍ഷം എത്തിച്ചേരുമെന്നാണ് ഗ്രാമീണര്‍ കരുതുന്നത്.
സ്റ്റെയിന്‍സിന്റെ ദാരുണമായ കൊലപാതകത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിന്‍സ് കുഷ്ഠരോഗ സേവാ കേന്ദ്രത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും 2005-ല്‍ 15 കിടക്കകളുള്ള ഗ്രഹാം സ്റ്റെയിന്‍സ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ചെയ്തു.