ഗാസ- ഫലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശത്തിനെതിരായ 'അത്യാവശ്യ നടപടിയാണ്' ഒക്‌ടോബർ 7 ന് ഇസ്രായിലിന് എതിരായ ആക്രമണമെന്ന് ഹമാസ് വ്യക്തമാക്കി. അതേസമയം, ഇസ്രായിലിന് എതിരായ ആക്രമണത്തിൽ ചില പിഴവുകൾ സംഭവിച്ചുവെന്നും ഹമാസ് പുറത്തിറക്കിയ പതിനാറു പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി. ഇസ്രായിൽ സുരക്ഷയുടെയും സൈനിക സംവിധാനത്തിന്റെയും ദ്രുതഗതിയിലുള്ള തകർച്ചയും ഗാസയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ഉടലെടുത്ത അരാജകത്വവും എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ആക്രമണങ്ങളെ ന്യായീകരിച്ച് ഇംഗ്ലീഷിലും അറബിയിലും പുറത്തിറക്കിയ ഗ്രൂപ്പിന്റെ ആദ്യ പൊതു റിപ്പോർട്ടാണ് ഈ രേഖ. ഫലസ്തീൻ ജനതയ്‌ക്കെതിരായ എല്ലാ ഇസ്രായിൽ ഗൂഢാലോചനകളെയും നേരിടാൻ ആവശ്യമായ സാധാരണ പ്രതികരണമാണ് ആക്രമണങ്ങളെന്ന് ഹമാസ് പറഞ്ഞു. ഗാസയുടെ യുദ്ധാനന്തര ഭാവി തീരുമാനിക്കാനുള്ള അന്താരാഷ്ട്ര, ഇസ്രായിൽ ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
'പലസ്തീൻ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാനും അവരുടെ ആഭ്യന്തര കാര്യങ്ങൾ ക്രമീകരിക്കാനുമുള്ള കഴിവുണ്ട്. ലോകത്തിലെ ഒരു പാർട്ടിക്കും ഫലസ്തീന് വേണ്ടി തീരുമാനമെടുക്കാൻ അവകാശമില്ലെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.