മധുര- ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്ന എം.കെ.അഴഗിരി തിരിച്ചുവരവിന് ഒരുങ്ങുന്നു. കരുണാനിധിയുടെ വേര്‍പാടിനു പിന്നാലെ വന്‍ റാലി നടത്താനാണ് അഴഗിരി ഒരുങ്ങുന്നത്. അടുത്ത മാസം അഞ്ചിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
റാലി ഡി.എം.കെക്കുള്ള മുന്നറിയിപ്പായിരിക്കുമെന്ന് കരുണാനിധിയുടെ മൂത്ത മകനായ അഴഗിരി അവകാശപ്പെട്ടു. തന്റെ സംഘടനാപാടവം എതിരാളികള്‍ പോലും അംഗീകരിച്ചതാണ്. റാലി കഴിയുമ്പോള്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് കൂടി അത് ബോധ്യമാകുമെന്ന് അഴിഗിരി കൂട്ടിച്ചേര്‍ത്തു.
2014 ലാണ് ഡി.എം.കെയില്‍ നിന്ന് അഴഗിരി പുറത്താക്കപ്പെട്ടത്. കരുണാനിധി ജീവിച്ചിരിക്കെ പോലും പാര്‍ട്ടിയില്‍ ഒരു പദവിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടി അധ്യക്ഷനാകാന്‍ സ്റ്റാലിനായിരുന്നു തിടുക്കം. തന്റെ പിതാവിന്റെ യഥാര്‍ഥ ബന്ധുക്കളെല്ലാം എന്റെ പക്ഷത്താണ്. തമിഴ്നാട്ടുകാരും പിന്തുണക്കുന്നത് എന്നെയാണ്. സമയം എല്ലാത്തിനും ഉത്തരം നല്‍കും. ഇതുമാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്-അഴഗിരി പറഞ്ഞു.
പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവിന് എതിരു നില്‍ക്കുന്നത് സ്റ്റാലിനാണെന്ന് അഴഗിരി ആരോപിച്ചു. കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മൗനറാലിയാണ് അടുത്ത മാസം അഞ്ചിന് അഴഗിരി നടത്തുന്നത്. ജനക്കൂട്ടത്തെ അണിനിരത്തി ശക്തിതെളിയിക്കാനുള്ള സന്ദര്‍ഭമായും അഴഗിരി ഇതിലൂടെ ലക്ഷ്യമിടുന്നു. ഡി.എം.കെയിലുണ്ടായിരുന്ന കാലത്ത് മധുരയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത് അഴഗിരിയായിരുന്നു.