Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് യുവസാഗരം; കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിയോജിപ്പിന്റെ ശബ്ദങ്ങളെ ഭയക്കുന്നു -സാദിഖലി തങ്ങൾ

കോഴിക്കോട് - വിയോജിപ്പിന്റെ ശബ്ദങ്ങളെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഭയക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 വിദ്വേഷം പ്രചരിപ്പിക്കുകയാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രധാന അജണ്ട. ശ്രീരാമനെ മുസ്‌ലിംകൾ ഉൾപ്പെടെ എല്ലാ വിഭാഗവും അംഗീകരിക്കുന്നു. മാപ്പിള രാമായണം ഉണ്ടായ മണ്ണാണ് മലബാർ. ശ്രീരാമനോടുള്ള സ്‌നേഹവും ഭക്തിയുമെല്ലാം നാം മനസ്സിലാക്കുമ്പോഴും രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി നാം അംഗീകരിക്കില്ലെന്നും തങ്ങൾ വ്യക്തമാക്കി.
 രാജ്യത്ത് കടുത്ത പട്ടിണിയും ദാരിദ്ര്യവുമുണ്ട്. ജനാധിപത്വ ധ്വംസനങ്ങൾ സ്ഥിരമായി അറങ്ങേറുന്നു. ഇവിടെ അതൊന്നും വിഷയമാവാതെ വൈകാരികതയെ മുതലെടുക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 ആസന്നമായ നാളുകളിൽ, ഒന്നുകൂടി ആഞ്ഞുപിടിച്ചാൽ ഇന്ത്യാ മുന്നണിക്ക് ബി.ജെ.പിയെ തൂത്തെറിയാനാകുമെന്ന് കണക്കുകളും തെരഞ്ഞെടുപ്പ് അനുഭവങ്ങളും തെളിയിക്കുന്നു. വിദ്വേഷത്തിന്റെ ഭാഷയല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയിലൂടെയാണ് നാം ജനങ്ങളോട് പെരുമാറേണ്ടത്. അതാണ് നമ്മുടെ ചരിത്രം. വെല്ലുവിളികളുണ്ടാവും. സ്വാഭാവികമാണത്. പൂർവീകരുടെ പാതയിൽ അതിന് മാതൃകയുണ്ടെന്നും ചരിത്രം ഉദ്ധരിച്ച് തങ്ങൾ വ്യക്തമാക്കി.
(സാദിഖലി തങ്ങൾ പ്രസംഗം തുടരുകയാണ്... )

 മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതിഥിയായി. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൾ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി.എ മജീദ്, മുസ്ലിം ലീഗ് നിയമസഭ ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ സംബന്ധിച്ചു.

Latest News