മുംബൈ - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രാദേശിക ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കളും അദാനി ഗ്രൂപ്പും തമ്മിലുള്ള ഭൂമി ഇടപാടുകള്‍ പുറത്തുവന്നു. സ്‌ക്രോള്‍ ഡോട്ട് ഇന്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ വെളിച്ചത്തായത്.
റിപ്പോര്‍ട്ടര്‍ ആയുഷ് തിവാരിയാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നത്. 2023 ഒക്‌ടോബറിനും ഡിസംബറിനും ഇടയില്‍, ടൈം സിറ്റി മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി എന്ന സ്ഥാപനം 1.13 കോടി രൂപക്ക് സരയൂ നദിക്കടുത്തുള്ള ഒരു ചെറിയ തുണ്ട് ഭൂമി വാങ്ങി. ആഴ്ചകള്‍ക്ക് ശേഷം, ഭൂമി അദാനി ഗ്രൂപ്പിന് മൂന്നിരട്ടി വിലയ്ക്ക് വിറ്റു - 3.57 കോടി രൂപ.
സഹാറ ഗ്രൂപ്പിലെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ചന്ദ്രപ്രകാശ് ശുക്ല സ്ഥാപിച്ച ടൈം സിറ്റി ഗ്രൂപ്പിന്റെ ഭാഗമാണ് ടൈം സിറ്റി. ബിജെപിയില്‍ ചേരുകയും 2017 നും 2022 നും ഇടയില്‍ കപ്ടന്‍ഗഞ്ചില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്ന ശുക്ലയുടെ മുന്‍ ബിസിനസ്സ് അസോസിയേറ്റ് ആണ് ഗ്രൂപ്പ് നടത്തുന്നത്. 'ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ അദ്ദേഹത്തിന് നിരവധി സുഹൃത്തുക്കളുണ്ടെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് പറയുന്നു.
ഈ ഇടപാടില്‍ കര്‍ഷകരില്‍നിന്നാണ് കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമി ഇടപാട് നിരവധി പാരിസ്ഥിതിക ചോദ്യങ്ങളും ഉയര്‍ത്തുന്നു.
2023 ഒക്ടോബറില്‍, ടൈം സിറ്റി മജ് ജംതാരയില്‍ ഒരു ഹെക്ടര്‍ സ്ഥലം വാങ്ങി. ആ ഭൂമി ഘന്‍സീര യാദവിന്റെയും കബൂത്ര ദേവി യാദവിന്റെയും കുടുംബങ്ങളുടേതായിരുന്നു. സരസ് ക്രെയിന്‍, ഗ്രേ ഹെറോണ്‍, ഇന്ത്യന്‍ ഫോക്‌സ് എന്നിവയുടെ ആവാസ കേന്ദ്രമായ സരയുവിനടുത്തുള്ള പരിസ്ഥിതി ലോലമായ തണ്ണീര്‍ത്തടത്തിന്റെ ഭാഗമാണ് അദാനി ഗ്രൂപ്പിന് വിറ്റ മജ്ഹ ജംതാരയിലെ ഭൂമി. 2022 ഡിസംബര്‍ മുതല്‍, ഈ പ്രദേശത്ത് ഒരു പുതിയ നിര്‍മ്മാണവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഫൈസാബാദിനും അയോധ്യക്കും സരയൂ നദിക്കും ഇടയിലുള്ള വിശാലമായ, ജനവാസമില്ലാത്ത പ്രദേശമാണ് മജ്ഹ ജംതാരട. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തില്‍നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെ.
സ്‌ക്രോളിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'ഇടപാട് പൂര്‍ണ്ണമായും നിയമപരവും എല്ലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതവുമാണെന്ന് അദാനി ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. നിലവിലുള്ള നിരക്കിലാണ് കമ്പനി ഭൂമി ഏറ്റെടുത്തത്.
2021 ഫെബ്രുവരിയില്‍ യാദവര്‍ തങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച ഭൂമിയുടെ 0.56 ഹെക്ടര്‍ രണ്ട് ഇടപാടുകളിലായി 33.53 ലക്ഷം രൂപക്ക് കാണ്‍പൂരിലെ താമസക്കാരിയായ സുധാ ദീക്ഷിതിന് വിറ്റതായി സ്‌ക്രോളിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ തുക ഭൂമിയുടെ സര്‍ക്കിള്‍ റേറ്റ് (മിനിമം) വിലയേക്കാള്‍ വളരെ താഴെയാണിത്. അന്ന് 77.46 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമിയാണിതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.