ദിസ്പുര്‍- കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ കാറിനു നേരെ ബി. ജെ. പി പ്രവര്‍ത്തകരുടെ ആക്രമണം. ബി. ജെ. പിക്കാര്‍ തന്റെ വാഹനം ആക്രമിച്ചെന്നും അവര്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ചുകീറിയെന്നും ജയ്‌റാം രമേശ് പറഞ്ഞു.
അസമില്‍ സോനിത്പൂര്‍ ജില്ലയില്‍ ഭാരത് ജോഡോ ന്യായ് യാത്രയെ അനുഗമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും ബി. ജെ. പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
സുനിത്പൂരിലെ ജുമുഗുരിഹാട്ടിലാണ് തന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയതെന്നും അക്രമിക്കൂട്ടം ഭാരത് ജോഡോ ന്യായ് യാത്രയുടെ വിന്‍ഡ്ഷീല്‍ഡിലെ സ്റ്റിക്കറുകള്‍ വലിച്ചുകീറിയതായും ജയ്‌റാം രമേശ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്ന് ജയ്‌റാം രമേശ് ആരോപിച്ചു.
കുറുക്കനെപ്പോലെയുള്ള കുതന്ത്രങ്ങള്‍ ഹിമന്ത നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തുടരട്ടെ നിങ്ങള്‍ക്കും നിങ്ങളുടെ ഗുണ്ടകള്‍ക്കും ഇത് തടയാന്‍ കഴിയില്ലെന്നും മുന്‍ മാധ്യമ പ്രവര്‍ത്തകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വക്താവുമായ സുപ്രിയ ശ്രിനെറ്റ് തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഭാരത് ജോഡോ ന്യായ് യാത്ര കവര്‍ ചെയ്യുകയായിരുന്ന ഒരു വ്‌ളോഗറുടെ ക്യാമറയും ബാഡ്ജും മറ്റ് ഉപകരണങ്ങളും തട്ടിയെടുത്തതായും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമിലെ അംഗങ്ങളെ മര്‍ദ്ദിച്ചതായും എ. ഐ. സി. സി കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ മഹിമ സിംഗ് പി. ടി. ഐയോട് പറഞ്ഞു.