ന്യൂദൽഹി-ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയതു മുതൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. എന്നാൽ ഇന്ന് നടന്നത് തികച്ചും നാടകീയ സംഭവങ്ങളായിരുന്നു. ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തിയതോടെ രാഹുൽ ഗാന്ധി ബസിൽനിന്നിറങ്ങി. അതോടെ ബി.ജെ.പി പ്രതിഷേധക്കാർ സ്തംഭിച്ചു.
ബി.ജെ.പി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി. കോൺഗ്രസിന് ബി.ജെ.പിയെയും ആർ.എസ്.എസിനെയും പേടിയാണെന്ന് അവർ കരുതുന്നു. എന്നാൽ അവർ സ്വപ്നം കാണുകയാണ്. അവർക്ക് പോസ്റ്ററുകളും പ്ലക്കാർഡുകളും കീറിമുറിക്കാം. ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങൾ ആരെയും ഭയക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങൾ ഭയപ്പെടുന്നില്ലെന്നും രാഹുൽ പറഞ്ഞു.
ജയ് ശ്രീറാം വിളിച്ചും ആക്രോശിച്ചുമാണ് ബി.ജെ.പി സംഘം എത്തിയത്. എന്നാൽ രാഹുൽ പുറത്തിറങ്ങിയതോടെ അക്രമികൾ നിശബ്ദരായി. സുരക്ഷാസേനയും പോലീസും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. കാവിക്കൊടികളുമായി ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി സംഘം ബസിന് അടുത്തേക്ക് എത്തിയത്. പിന്നീട് ബസിലേക്ക് തിരികെ കയറിയ രാഹുൽ ആരാധകർക്കും പ്രതിഷേധക്കാർക്കും ഫ്‌ലൈയിംഗ് കിസ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
അസമിലേക്ക് ന്യായ് യാത്ര പ്രവേശിച്ച ദിവസം മുതൽ പ്രകോപനപരമായ സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അഴിമതികൾ രാഹുൽ ഗാന്ധി തുറന്നുകാട്ടിയതിന് പിന്നാലെയാണ് യാത്രയ്‌ക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചത്. അസമിൽ രണ്ടു തവണ ന്യായ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായി. വാഹനവ്യൂഹത്തെ തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയുംചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപി യാത്രയെ ഭയക്കുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഭയത്തിൽ നിന്നാണ് യാത്രയ്ക്ക് നേരെയുള്ള ആക്രമണങ്ങളെന്നും എന്തുതന്നെ സംഭവിച്ചാലും യാത്ര ലക്ഷ്യം പൂർത്തീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ജുമുഗുരിഹാട്ടിൽ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയെന്നും യാത്രാ സ്റ്റിക്കറുകൾ ചില്ലുകൾ വലിച്ചുകീറിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'ഏതാനും മിനിറ്റുകൾക്ക് മുമ്പ് സുനിത്പൂരിലെ ജുമുഗുരിഹാട്ടിൽ വെച്ച് ബി.ജെ.പി ജനക്കൂട്ടം എന്റെ വാഹനം ആക്രമിച്ചു. അവർ വിൻഡ്ഷീൽഡിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾ സംയമനം പാലിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമതാ ബിശ്വ ശർമ്മ പ്രധാനമന്ത്രി മോഡിയുടെ തനിപ്പകർപ്പാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് ഇതിനുമുമ്പുള്ള യാത്ര. ആ സമയത്ത് ഒരിടത്തും കല്ലേറുണ്ടായില്ല. ഭയപ്പെടുത്താൻ ശ്രമിച്ചില്ല. എന്തുകൊണ്ടാണ് അസമിൽ ഇത് സംഭവിക്കുന്നത്? കാരണം അസം മുഖ്യമന്ത്രി പ്രധാനമന്ത്രി മോഡിയുടെ 'ചേല'യാണ്. അമിത് ഷാ പറയുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നു. രാജ്യത്തെ ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ അദ്ദേഹം ഭയപ്പെടുത്തുന്നു. ജനങ്ങളെ ഭയപ്പെടുത്തി അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിക്കുകയാണ്- ഖാർഗെ പറഞ്ഞു.