അഹമദാബാദ്- റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറല്‍ഡിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരേയും അംബാനി 5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയിട്ടുണ്ട്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് അപകീര്‍ത്തി കേസുമായി രംഗത്തെത്തിയത്.
ആദ്യ കേസില്‍ നാഷണല്‍ ഹെറല്‍ഡ് പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റിഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ ആഗ, ലേഖകന്‍ വിശ്വദ്വീപക് എന്നിവര്‍ക്കെതിരെയാണ് അപകീര്‍ത്തി ആരോപണം ഉന്നയിച്ചിട്ടുള്ളത്. രണ്ടാമത്തെ കേസ് കോണ്‍ഗ്രസ് മുന്‍ വക്താവ് ഗോഹിലിനെതിരേയാണ്. റഫാല്‍ കരാര്‍, അനില്‍ അംബാനിയുടെ കമ്പനി എന്നിവയെ കുറിച്ച് അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ഈ കേസ്.
കഴിഞ്ഞ ദിവസം നല്‍കിയ പരാതി സ്വീകരിച്ച അഹമദാബാദ് സെഷന്‍സ് കോടതി നാഷണല്‍ ഹെറള്‍ഡിനും ഗോഹിലിനും നോട്ടീസ് അയച്ചു. സെപ്തംബര്‍ ഏഴിനകം മറുപടി നല്‍കണെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സുമായി റഫാല്‍ കരാര്‍ ഒപ്പിടുന്നതിനു 10 ദിവസം മുമ്പ് മാത്രമാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനി രൂപീകരിച്ചതെന്ന നാഷണല്‍ ഹെറള്‍ഡില്‍ വന്ന വാര്‍ത്ത മാനഹാനി ഉണ്ടാക്കുന്നതും അപകീര്‍ത്തിപരവുമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അംബാനിയുടെ പരാതിയില്‍ പറയുന്നു. ഇതു കമ്പനിയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതാണെന്നും പരാതിയിലുണ്ട്. കമ്പനിയുടെ സല്‍പ്പേരിന് ഇതു തീരാകളങ്കമുണ്ടാക്കിയെന്നും ഇതിനു നഷ്ടപരിഹാരമായി 5000 കോടി നല്‍കണമെന്നുമാണ് ആവശ്യം.