അയോധ്യ- ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയുടെ തുറുപ്പുചീട്ടായിരിക്കും രാമക്ഷേത്ര പ്രതിഷ്ഠയെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഹിന്ദുത്വ ദേശീയവാദികള്‍ രാമജന്മഭൂമി ക്ഷേത്രം സഹിഷ്ണുതയുടെ പ്രതീകവും അഖണ്ഡ ഹിന്ദു രാഷ്ട്രത്തിനായുള്ള ആഹ്വാനവുമായാണ് കണക്കാക്കുന്നതെങ്കില്‍ ഇതിനു സമീപത്തെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അക്രമ ഭയമാണ് പടര്‍ത്തുന്നത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ അക്രമം അവരുടെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വവാദികള്‍ സൃഷ്ടിച്ച കലാപത്തില്‍ രാജ്യത്തുടനീളം രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ശരിയായ കണക്ക് ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കും. മാത്രമല്ല നിരവധി പേര്‍ക്ക് വീടും ഉപജീവന മാര്‍ഗ്ഗവും ഉള്‍പ്പെടെ നഷ്ടപ്പെടുകയും ചെയ്തു. 32 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അതേ തരത്തില്‍ തങ്ങള്‍ ആക്രമിക്കപ്പെടുകയും ജീവിതോപാധികളും ജീവിതവും നഷ്ടപ്പെടുമോ എന്ന ഭയവും അയോധ്യയിലേയും സമീപ പ്രദേശങ്ങളിലേയും മുസ്‌ലിംകളിലുണ്ട്.
അയോധ്യ കാവിയണിഞ്ഞിരിക്കുന്നതിനാലും ക്ഷേത്ര നഗരത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴങ്ങുന്നതിനാലും നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ചില പാതകളില്‍ ഭയാനകമായ നിശ്ശബ്ദതയാണ് നിലനില്‍ക്കുന്നത്. നഗരത്തില്‍ താമസിക്കുന്ന നാല് ലക്ഷം മുസ്‌ലിംകളില്‍ അയ്യായിരം പേരെങ്കിലും പഴയ അയോധ്യ പട്ടണത്തിലാണുള്ളത്.
വന്‍ പോലീസ് സന്നാഹമാണ് അയോധ്യയിലുള്ളത്. പുറത്തുനിന്നുള്ളവരെ ആരേയും സ്വീകരിക്കരുതെന്നും ഏതെങ്കിലും അതിഥി താമസിക്കാന്‍ വന്നാല്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുള്ളതായി പ്രായമായ ഒരു മുസ്‌ലിം വനിത പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തിന് പുറംഭാഗം ഇരുമ്പുവേലി കെട്ടി സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നതിന് മുമ്പും അധികൃതര്‍ ഇത്തരം ഉറപ്പുകള്‍ നല്‍കിയിരുന്നുവെന്നും എന്നിട്ടും അക്രമവും നാശനഷ്ടങ്ങളും അരങ്ങേറിയതും ആവര്‍ത്തിക്കുമെന്ന ഭയമാണ് പ്രദേശത്തെ മുസ്‌ലിംകള്‍ക്കുള്ളത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ 2019ല്‍ സുപ്രിം കോടതി വിധി പറഞ്ഞതോടെ ഹിന്ദുത്വ ശക്തികള്‍ക്ക് ഇക്കാര്യത്തില്‍ മനോവീര്യം വര്‍ധിക്കുകയായിരുന്നു. അവര്‍ പിന്നീട് മറ്റ് മുസ്‌ലിം പള്ളികളും ക്ഷേത്രങ്ങള്‍ക്ക് മുകളിലാണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ടു പൊളിക്കണമെന്ന് ആവശ്യപ്പെടുന്നു.
മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിച്ചതിന് ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ് പിടിച്ചടക്കാന്‍ ഹിന്ദുത്വ സമൂഹം സജീവമായി രംഗത്തുണ്ട്.
ഹിന്ദുത്വ പ്രവര്‍ത്തകരും ഇന്ത്യന്‍ ഭരണകൂടവും ഇടപെട്ട് തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുന്ന മുസ്‌ലിം വിഭാഗമാണ് അയോധ്യയിലുള്ളത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന തിങ്കളാഴ്ച വീടുകളില്‍ കഴിയാനാണ് മുസ്‌ലിംകളില്‍ പലരും തീരുമാനിച്ചിരിക്കുന്നത്.
രാമക്ഷേത്രത്തില്‍ നിന്നും വളരെ അടുത്താണ് 43കാരനായ അബ്ദുല്‍ വഹീദ് ഖുറൈഷി താമസിക്കുന്നത്. 1990ലും 1992ലും അയോധ്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് ഖുറൈഷിയുടെ കുടുംബം സാക്ഷിയായിരുന്നു.
പുറത്തുനിന്നുള്ളവര്‍ എന്താണ് ചിന്തിക്കുന്നതെന്നോ ആസൂത്രണം ചെയ്യുന്നതെന്നോ തങ്ങള്‍ക്ക് അറിയില്ലല്ലെന്നും അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കില്ലെന്ന് ഭരണകൂടം തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഖുറൈഷി പറയുന്നു. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ചിലര്‍ക്കെങ്കിലും വ്യത്യസ്ത ഉദ്ദേശ്യങ്ങളാണുള്ളതെന്ന ഭയം അദ്ദേഹം തുറന്നു പറയുന്നു.
അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് ഉണ്ടായിരുന്നിട്ടും ക്ഷേത്ര പരിസരത്ത് താമസിക്കുന്ന മുസ്‌ലിംകള്‍ അതിനെ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ദ വയറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സമായ ഏതാനും മുസ്‌ലിം വീടുകള്‍ ഇടിച്ചുനിരത്തിയിട്ടുണ്ട്. തങ്ങളുടെ ഒരു അയല്‍വാസിയുടെ വീട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൊളിച്ചുവെന്നും അടുത്ത തവണ തങ്ങളുടെ ഊഴം വന്നാല്‍ മാതാപിതാക്കളേയും കൂട്ടി എവിടേക്ക് പോകുമെന്ന് അറിയില്ലെന്നും പറഞ്ഞത് 16കാരനായ ഒരു കൗമാരക്കാനാണ്.
ഹിന്ദു പുരോഹിതന്മാര്‍ ധരിക്കുന്ന പ്രത്യേക തടി പാദരക്ഷകളായ ഖരൗണ്‍സ് (മെതിയടി) നിര്‍മ്മിക്കുന്ന മുപ്പത്തിയാറുകാരനായ മെറാജും ഇതേ ആശങ്ക പങ്കുവെക്കുന്നു. തങ്ങള്‍ക്ക് പുറത്ത് സ്വതന്ത്രമായി ഇരിക്കാന്‍ പോലും കഴിയില്ലെന്നും ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും തങ്ങളുടെ സുരക്ഷയ്ക്കായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി ആറിന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവിയും എം പിയുമായ ബദ്റുദ്ദീന്‍ അജ്മല്‍ മുസ്‌ലിംകളോട് ജനുവരി 20നും 25നും ഇടയില്‍ യാത്ര ഒഴിവാക്കാനും 'വീട്ടില്‍ തന്നെ തുടരാനും' ആവശ്യപ്പെട്ടു. ആളുകള്‍ മൂന്നോ നാലോ ദിവസം യാത്ര ചെയ്തില്ലെങ്കില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും എ ഐ യു ഡി എഫ് മേധാവി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ 60,000ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഗളന്മാര്‍ തങ്ങളെ മാറ്റാന്‍ ശ്രമിച്ചുവെന്നും പിന്നെ ഇംഗ്ലീഷുകാര്‍ മാറ്റാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ കാണിക്കുന്നത് ഹൈന്ദവ പാരമ്പര്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും ഭദ്രമാണെന്നും പുതിയ ഇന്ത്യ ഹിന്ദു നാഗരികതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാണുമെന്നുമാണ് വി. എച്ച്. പി വക്താവ് വിനോദ് ബന്‍സാല്‍ സി. എന്‍. എന്നിനോട് പറഞ്ഞത്.
ബന്‍സാല്‍, മഹന്ത് ജയറാം ദാര്‍ എന്ന പ്രാദേശിക ആര്‍ എസ് എസ് നേതാവ് വിശ്വസിക്കുന്നത് ഇന്ത്യയില്‍ പള്ളികള്‍ പണിയാന്‍ പാടില്ലെന്നാണ്. സൗദി അറേബ്യയിലേക്കോ പാക്കിസ്ഥാനിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും മുസ്‌ലിം ആധിപത്യമുള്ള രാജ്യത്തേക്കോ പോകണമെന്നും ഇന്ത്യയില്‍ മസ്ജിദ് നിര്‍മിക്കേണ്ടതില്ലെന്നുമാണ് അയാളുടെ അഭിപ്രായം.